ശ്രീറാമിന്റെ നിയമനം രാഷ്ടീയ നേതൃത്വത്തിന് ബ്യൂറോക്രസിക്ക് മേലുള്ള ദുഃസ്വാധീനത്തിന്റെ പ്രതിഫലനമോ?

Glint desk
Mon, 03-08-2020 07:08:29 PM ;


സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ചീഫ് കെ.എം ബഷീര്‍ കാറപകടത്തില്‍ മരിച്ചിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു. യുവ ഐ.എ.എസ് ഓഫീസറായ ശ്രീറാം വെങ്കിട്ടരാമന്‍ രാത്രി മദ്യ ലഹരിയില്‍ അമിത വേഗത്തില്‍ വനിതാ സുഹൃത്തുമായി കാറോടിച്ച് വന്ന വേളയിലാണ് ബഷീര്‍ അപകടത്തില്‍ പെട്ടത്. അപകടത്തില്‍ പെട്ട ആ നിമിഷം തന്നെ രണ്ട് പ്രവര്‍ത്തികളില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഏര്‍പ്പെട്ടു. ഒന്ന് പരിക്കേറ്റ ബഷീറിനെ ആശുപത്രിയില്‍ എത്തിക്കുക. അതേ സമയം തന്നെ തന്റെ ഭാഗത്ത് നിന്നുണ്ടായ കുറ്റകൃത്യത്തെ നിയമത്തിന് മുന്നില്‍ നിലനില്‍പ്പില്ലാതാക്കി മാറ്റുന്നതിനുള്ള എല്ലാ ശ്രമങ്ങളിലും ആ നിമിഷം മുതല്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഏര്‍പ്പെട്ടു. ആദ്യമായി താനല്ല ഡ്രൈവിംഗ് സീറ്റില്‍ ഉണ്ടായിരുന്നത് എന്ന് പോലീസിനെ ധരിപ്പിച്ചു. കൂടെയുണ്ടായിരുന്ന വനിതാ സുഹൃത്ത് വഫയെ കൊണ്ട് താനാണ് വണ്ടി ഓടിച്ചത് എന്ന് പറയിക്കുകയും ചെയ്തു. 

പിന്നീട് തന്റെ ഔദ്യോഗിക പദവി ഉപയോഗിച്ച് കേസെടുക്കാതെ വഫയെ വീട്ടിലേക്ക് പറഞ്ഞയച്ചു. പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കാതെ ജനറല്‍ ആശുപത്രിയില്‍ എത്തിയ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് അറിയാനുള്ള പരിശോധനയ്ക്ക് ബോധപൂര്‍വ്വം വിധേയനാകുന്നില്ല. അവിടെയും ശ്രീറാം തന്റെ അധികാരവും സ്വാധീനവും ഉപയോഗിച്ച് അതില്‍ നിന്ന് ഒഴിവാകുന്നു. ഡ്യൂട്ടി ഡോക്ടര്‍മാര്‍ നിസ്സഹായരാവുന്നു. പിന്നീട് ജനറല്‍ ആശുപത്രിയില്‍ നിന്ന് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുന്നു. എന്നാല്‍ ജനറല്‍ ആശുപത്രിയില്‍ നിന്ന് ശ്രീറാം വെങ്കിട്ടരാമന്‍ പോകുന്നത് തലസ്ഥാനത്തെ പ്രധാന സ്വകാര്യ ആശുപത്രിയായ കിംസ് ആശുപത്രിയിലേക്കാണ്. അവിടെ അദ്ദേഹത്തിന്റെ കൂടെ എം.ബി.ബി.എസിന് പഠിച്ചിട്ടുള്ള ഡോക്ടര്‍ സുഹൃത്തുക്കള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെ അഡ്മിറ്റായ ശ്രീറാം ചികില്‍സയ്ക്ക് വിധേയനാകുന്നു. അപകടം നടന്ന് 24 മണിക്കൂര്‍ പിന്നിട്ടതിന് ശേഷം അദ്ദേഹത്തെ സമ്മര്‍ദത്തിന് വഴങ്ങി പോലീസ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നു. ശ്രീറാം വെങ്കിട്ടരാമന്‍ ഗുരുതരാവസ്ഥായിലാണെന്ന് അശുപത്രി അധികൃതര്‍ വ്യക്തമാക്കിയതിന് തുടര്‍ന്ന് ആംബുലന്‍സിലാണ് മജിസ്‌ട്രേറ്റിന്റെ അടുത്ത് ഹാജരാക്കാനായി പോകുന്നത്. മജിസ്‌ട്രേറ്റ് അദ്ദേഹത്തെ റിമാന്‍ഡ് ചെയ്യുന്നു. തുടര്‍ന്ന് ജയിലിലേക്ക് പോകുന്നു. 

അതിന് ശേഷം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിക്കുന്നു. അവിടെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ സുഹൃത്തുക്കളുടെ പരിരക്ഷയില്‍ ശിഷ്ട ദിവസം കഴിയുന്നു. തുടര്‍ന്ന് അദ്ദേഹത്തിന് അതി സങ്കീര്‍ണ്ണമായ രോഗം ഉണ്ടെന്ന് വാര്‍ത്ത പ്രചരിപ്പിക്കുന്നു. അതായത് പെട്ടെന്ന് നടന്ന സംഭവങ്ങളെല്ലാം താല്‍ക്കാലികമായി മറന്നു പോകുന്ന ഒരുതരം രോഗാവസ്ഥ. ഇതേ തുടര്‍ന്ന് കെ.എം ബഷീറിന്റെ മാധ്യമ സുഹൃത്തുക്കളും മാധ്യമ ലോകവും പൊതു സമൂഹവും രാഷ്ട്രീയ നേതാക്കളും എല്ലാവരും വീണ്ടും സമ്മര്‍ദം ചെലുത്തുന്നു. കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞ് വിഷയം പതുക്കെ കെട്ടടങ്ങുന്നു. പിന്നീട് ശ്രീറാമിന് ജാമ്യം ലഭിക്കുന്നു. ജാമ്യം ലഭിച്ച് ഏതാനും മാസങ്ങള്‍ക്ക് ശേഷം കൊവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സര്‍വീസില്‍ തിരികെ പ്രവേശിക്കുന്നു. 

ശ്രീറാം വെങ്കിട്ടരാമന്‍ ഈ അപകടം നടന്നതിന് ശേഷം ഏര്‍പ്പെട്ടിരിക്കുന്ന കുറ്റകൃത്യങ്ങള്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ പശ്ചാത്തലത്തില്‍ നോക്കുകയാണെങ്കില്‍ അനവധിയാണ്. നിയമം നടപ്പിലാക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്നതിന് ഉത്തരവാദിത്വമുള്ള ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന്‍ അദ്ദേഹം സബ് കളക്ടറായി സേവനം അനുഷ്ഠിച്ചതിന് ശേഷം ആര്‍വാട് യൂണിവേഴ്‌സിറ്റിയില്‍ ഒരു വര്‍ഷത്തെ ഉപരി പഠനം കഴിഞ്ഞ് മടങ്ങി എത്തിയ വേളയിലാണ് ഈ അപകടം ഉണ്ടാവുന്നത്. അദ്ദേഹം ചെയ്ത കുറ്റത്തിന്റെ വ്യാപ്തിയും അതില്‍ നിന്ന് രക്ഷപെടാന്‍ ചെയ്ത പ്രവൃത്തികളും അതീവ ഗുരുതരമാണ്. 

സ്വന്തം നിലയില്‍ ശ്രീറാം വെങ്കിട്ടരാമന് ഇത്തരം കുറ്റകൃത്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നത് സാധ്യമല്ല. സ്വാഭാവികമായും മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സഹായം ഈ കുറ്റകൃത്യങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട് എന്നത് പകല്‍ പോലെ വ്യക്തമാണ്. ഒരു റിട്ടയര്‍ഡ് ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഈ അപകടം നടന്ന് കഴിഞ്ഞ ഉടന്‍ തന്നെ ശ്രീറാമിനെ രക്ഷപ്പെടുത്താനുള്ള പ്രവര്‍ത്തികളില്‍ സജീവമായി രംഗത്തുണ്ടായിരുന്നു എന്നത് മാധ്യമങ്ങളിലൂടെ നമ്മള്‍ അറിഞ്ഞതാണ്. എന്നാല്‍ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരുടെ മാത്രം സഹായം കൊണ്ട് ഈ പറഞ്ഞ കുറ്റകൃത്യങ്ങളില്‍ നിന്ന് രക്ഷപ്പെടുക എന്നതും സാധ്യമല്ല. സ്വാഭാവികമായും ആഭ്യന്തര വകുപ്പ് കൈയ്യാളുന്ന മുഖ്യമന്ത്രിയുടെ അറിവോട് കൂടിയും ആയിരിക്കും ഇത്തരം സംഭവങ്ങള്‍ പശ്ചാത്തലത്തില്‍ നടന്നിട്ടുണ്ടാവുക. അതിനെ ഊട്ടി ഉറപ്പിക്കുന്നതാണ് ഏതാനും മാസങ്ങള്‍ കഴിഞ്ഞ് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ശ്രീറാം വെങ്കിട്ടരാമന്റെ മെഡിക്കല്‍ ബിരുദ പശ്ചാത്തലം ചൂണ്ടിക്കാണിച്ച് കൊണ്ട് അദ്ദേഹത്തിനെ ആരോഗ്യവകുപ്പില്‍ ജോയിന്റ് സെക്രട്ടറി ആയി സര്‍വീസില്‍ പ്രവേശിപ്പിക്കുന്നത്. 

ഒരു യുവാവ് മദ്യപിച്ച് ലക്കില്ലാതെ വാഹനം ഓടിച്ച് അപകടം ഉണ്ടായാല്‍ അത് കുറ്റം തന്നെയാണ്. അത് ഐ.എ.എസ് ഓഫീസര്‍ ആയിക്കോട്ടെ മറ്റാരും ആയിക്കോട്ടെ. പ്രത്യേകിച്ച് അത് ഒരു ഐ.എ.എസ് ഓഫീസറാണ് ചെയ്യുന്നതെങ്കില്‍ അത് അതീവ ഗുരുതരമായ കുറ്റം തന്നെയാണ്. എന്നിരുന്നാല്‍ പോലും ബഷീര്‍ മരിക്കാനിടയായ അപകടം ഉണ്ടായത് ശ്രീറാം വെങ്കിട്ടരാമന്‍ അറിഞ്ഞു കൊണ്ട് ചെയ്തതല്ല. ബഷീറിനെ കൊല്ലുക അല്ലെങ്കില്‍ മറ്റൊരാള്‍ക്ക് അപകടം ഉണ്ടാക്കുക എന്ന ലക്ഷ്യം ശ്രീറാം വെങ്കിട്ടരാമന് ഉണ്ടായിരുന്നില്ല. പക്ഷെ അതിന് ശേഷം നടന്ന ഓരോ പ്രവര്‍ത്തികളും ഒരു കുറ്റത്തില്‍ നിന്ന് മറ്റൊന്നിലേക്ക് നയിക്കുന്നത് തന്നെയാണ്. അതിന് ഭരണകൂടവും രാഷ്ട്രീയ നേതാക്കളും കൂട്ട് നിന്നു. സാങ്കേതികമായി ശ്രീറാം വെങ്കിട്ടരാമന്‍ കുറ്റകൃത്യം ചെയ്തു എന്ന് കണ്ടെത്താത്തതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് ജാമ്യം ലഭിക്കുന്നത്. 

ഇവിടെ ശ്രീറാം വെങ്കിട്ടരാമന്‍ ഏര്‍പ്പെട്ടതിനേക്കാള്‍ ഗുരുതരമായ കുറ്റകൃത്യമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. കാരണം പരസ്യമായി ഒരു തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ആ തെറ്റിനെ സാങ്കേതികമായി ഇല്ലായ്മ ചെയ്ത് കഴിഞ്ഞാല്‍ കുറ്റത്തില്‍ നിന്ന് മുക്തനാവാം എന്ന വ്യക്തമായ സന്ദേശമാണ് സര്‍ക്കാര്‍ ഇതിലൂടെ പൊതു സമൂഹത്തിന് നല്‍കിയത്. അത്തരത്തിലൊരു സമീപനം എന്തുകൊണ്ട് സര്‍ക്കാര്‍ എടുക്കുന്നു എന്നുള്ളതാണ് മുഖ്യമായ ചോദ്യം. രാഷ്ടീയ നേതൃത്വത്തിന് ബ്യൂറോക്രസിക്ക് മേലുള്ള ദുഃസ്വാധീനമാണ് ഇത് തെളിയിക്കുന്നത്. അധാര്‍മ്മികമായ കാര്യങ്ങള്‍ക്ക് വേണ്ടി ബ്യൂറോക്രസിയെ രാഷ്ട്രീയ നേതൃത്വം ഉപയോഗിക്കുന്നു എന്ന സൂചനയും ഇതിലൂടെ ലഭിക്കുന്നു. 

അത്തരത്തിലുള്ള ഒരു സര്‍ക്കാര്‍ സംസ്‌കാരത്തിന്റെ സ്‌ഫോടനാത്മകമായ മുഖമാണ് സ്വര്‍ണ്ണക്കടത്തിലൂടെ കേരളം കണ്ടുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നു, അനധികൃതമായി നിയമനങ്ങള്‍ നടക്കുന്നു, വിദേശ കമ്പനികളുമായി കരാറില്‍ ഏര്‍പ്പെടുന്നു ബ്യൂറോക്രസിയും രാഷ്ടീയ നേതൃത്വവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ പ്രതിഫലനമായിട്ടാണ് ഇപ്പോള്‍ സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ഈ സംസ്‌കാരത്തിന്റെ അന്തരീക്ഷം ഉപയോഗിച്ചു കൊണ്ടാണ് ശ്രീറാം വെങ്കിട്ടരാമന്‍ തിരിച്ച് സര്‍വീസില്‍ പ്രവേശിച്ചതും എന്ന് വേണം കണക്കാക്കാന്‍.

Tags: