ക്രിസോസ്റ്റം പകയുടെ തടവിലോ?

എസ്.ഡി വേണുകുമാര്‍
Fri, 31-07-2020 04:44:02 PM ;

മാര്‍ത്തോമ്മ സഭ വലിയ മെത്രാപ്പോലീത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം കുമ്പനാട് സഭാവക സ്വകാര്യ ആശുപത്രിയില്‍ വേണ്ടത്ര പരിചരണമില്ലാതെ ക്ലേശാവസ്ഥയിലാണെന്ന് ആക്ഷേപം. 14 വര്‍ഷം അദ്ദേഹത്തിന്റെ ഡ്രൈവറും സന്തത സഹചാരിയുമായിരുന്ന എ.ബി.ജെ. ഏബ്രഹാം സഭാ നേതൃത്വത്തിന് നല്‍കിയ കത്ത് പുറത്തുവിട്ടതിലൂടെയാണ് ഇക്കാര്യം ചര്‍ച്ചയായത്. ഈ ഡ്രൈവറെ കഴിഞ്ഞ ദിവസം പിരിച്ചുവിട്ടതായി സഭ നോട്ടീസ് നല്‍കിയിട്ടുമുണ്ട്.

ആശുപതിയില്‍ തുറസായ 42-ാo നമ്പര്‍ മുറിയിലായിരുന്നു ഏറെ നാളുകളായി വലിയ മെത്രാപോലീത്തയുടെ വിശ്രമം. ഇവിടെ നിന്ന് വെളിച്ചം കടക്കാത്ത മറ്റൊരു മുറിയിലേക്ക് മാറ്റിയെന്നും തിരുമേനിക്ക് ഇഷ്ടഭക്ഷണങ്ങള്‍ നല്‍കുന്നില്ലെന്നും മൂന്നു മാസം കൂടുമ്പോഴാണ് കുളിപ്പിക്കുന്നത് എന്നുമൊക്കെയാണ് എബി കത്തില്‍ പറയുന്നത്. ദീര്‍ഘകാലം മെത്രാപോലീത്തയുടെ ഒപ്പം രാത്രിയിലും പകലും ഒരുപോലെ പരിചരിച്ചിരുന്ന താന്‍ ശേഷമുള്ള കാലത്തും പ്രതിഫലം വാങ്ങാതെ പരിചരിക്കാന്‍ തയ്യാറാണെന്നാണ് എബി പറയുന്നത്.

അടുത്തിടെ മാര്‍ത്തോമ്മ സഭയില്‍ സഫ്രഗന്‍ മെത്രാപോലീത്തയുടെ നിയോഗ ശുശ്രൂഷക്കിടെ ജോസഫ് മാര്‍ത്തോമ്മ മെത്രാപോലീത്ത നടത്തിയ പ്രസംഗം ഈ സംഭവങ്ങളുമായി കൂട്ടി വായിച്ചാല്‍ ചില സംശയങ്ങള്‍ ആര്‍ക്കും തോന്നും. ജാതി മത ഭേദമെന്യേ ഏവര്‍ക്കും സ്വീകാര്യനായ മാര്‍ ക്രിസോസ്റ്റത്തോടുള്ള അനിഷ്ടം ജോസഫ് മാര്‍ മെത്രാപോലീത്തയുടെ വാക്കുകളില്‍ സ്പഷ്ടമായിരുന്നു.

മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപോലീത്ത എന്ന് വിശേഷിപ്പിക്കപ്പെടുന്നതില്‍ പോലും അദ്ദേഹം തെറ്റു കാണുന്നു.  സഭയുടെ അധ്യക്ഷ പദമൊഴിഞ്ഞ ആളല്ല, ആ സിംഹാസനത്തില്‍ ഇരിക്കുന്ന ആളാണ് വലിയ മെത്രാപ്പോലീത്ത എന്നാണ് ജോസഫ് മെത്രാപ്പോലീത്ത പറയുന്നത്. ക്രിസോസ്റ്റത്തിന്റെ മുന്‍ഗാമി ഡോ. അലക്‌സാണ്ടര്‍ മെത്രാപോലീത്ത സമാനമായ രീതിയില്‍ പദവി ഒഴിഞ്ഞപ്പോള്‍ വലിയ മെത്രാപോലീത്തയായി വിശേഷിപ്പിക്കപ്പെട്ടു. അത് തെറ്റായി പോയി എന്നാണ് അദ്ദേഹം പറയുന്നത്. അതു കൊണ്ടാണല്ലോ ഇപ്പോള്‍ ക്രിസോസ്റ്റവും വലിയ മെത്രാപ്പോലീത്ത ആയത് .

ക്രിസോസ്റ്റത്തിന് കീഴില്‍ താന്‍ സഫ്രഗന്‍ മെത്രാപോലീത്ത ആയിരുന്നപ്പോള്‍ ഏഴു വര്‍ഷം തനിക്ക് ഒരു ചുമതലയും നല്‍കിയില്ലെന്നും മെത്രാപോലീത്ത പറഞ്ഞു. ഇതിന്റെയൊക്കെ പകയാണോ ക്രിസോസ്റ്റത്തെപ്പറ്റി അദ്ദേഹത്തിന്റെ ഡ്രൈവര്‍ പറയുന്ന കാര്യങ്ങള്‍ക്കാധാരം എന്നു സംശയിക്കണം.

രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ച ഒരു ക്രൈസ്തവ ആചാര്യനാണ് സ്വന്തം സഭാ നേതൃത്വത്തില്‍ നിന്ന് ഈ അവഗണന എന്നത് ഗൗരവമുള്ളതാണ്. ഇതിനെതിരെ സഭയിലെ 101 പേര്‍ ഒപ്പിട്ട നിവേദനം നേതൃത്വത്തിന് നല്‍കി. മെച്ചപെട്ട ചികിത്സാ സൗകര്യമുള്ള ആശുപത്രിയില്‍ ക്രിസോസ്റ്റത്തിന് നല്ല ചികിത്സ ലഭ്യമാക്കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. അല്ലാത്ത പക്ഷം അവര്‍ സര്‍ക്കാരിനെ സമീപിക്കാനൊരുങ്ങുകയാണ്.

Tags: