സ്വര്‍ണ്ണക്കടത്ത് : അന്വേഷണ സംഘത്തിന്റെ വല നീളുന്നത് സിനിമയിലേക്കോ?

എസ്.ഡി വേണുകുമാര്‍
Mon, 20-07-2020 04:46:19 PM ;

അധികാര സ്ഥാനങ്ങളേയും രാഷ്ട്രീയ നേതൃത്വങ്ങളേയും സംശയ നിഴലിലാക്കിയ സ്വര്‍ണ്ണക്കള്ളക്കടത്തിന്റെ അന്വേഷണ വഴികള്‍ നീളുന്നത് മലയാള സിനിമ നിര്‍മ്മാണ മേഖലയിലേക്കെന്ന് സൂചന. അധികാരം, രാഷ്ട്രീയം, അധോലോകം, സിനിമ എല്ലാം ഉള്‍പെട്ട ഈ കേസ് സസ്‌പെന്‍സ് ത്രില്ലര്‍ സിനിമകളെ കടത്തി വെട്ടുന്ന ഉദ്വേഗ നിമിഷങ്ങളിലൂടെയാണ് മുന്നേറുന്നത്.

കരിമ്പണം വെളുപ്പിക്കല്‍ ലക്ഷ്യമിട്ടുള്ള ചില സിനിമ നിര്‍മ്മാണങ്ങള്‍ക്ക് ഈ കള്ളക്കടത്തുകാരുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘത്തിന് സൂചന കിട്ടി. ഇപ്രകാരം മലയാളത്തില്‍ നാലു സിനിമകള്‍ എങ്കിലും നിര്‍മ്മിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. ചില പ്രമുഖ സംവിധായകര്‍, നടീ നടന്മാര്‍ എന്നിവരും ഇതുമായി ബന്ധപ്പെട്ടിട്ടുണ്ട്.

ഗള്‍ഫ് നാടുകളിലടക്കം നടന്നിരുന്ന ചലച്ചിത്ര താരങ്ങളും സീരിയല്‍, മിമിക്രി താരങ്ങളും ഉള്‍പെട്ട സ്റ്റേജ് ഷോകള്‍ക്കു പിന്നില്‍ സ്വര്‍ണ്ണക്കടത്തും ലക്ഷ്യമിട്ടിരുന്നതായി സംശയമുയര്‍ന്നിട്ടുണ്ട്. ഇത്തരം ഷോകളില്‍ പങ്കെടുത്തിരുന്ന പലരേയും പാരിതോഷികങ്ങളോ പ്രതിഫലമോ നല്‍കി സ്വര്‍ണ്ണക്കടത്തിന് ഉപയോഗിച്ചിട്ടുണ്ട്. വഴങ്ങിയവരും വഴങ്ങാത്തവരും ഈ കൂട്ടത്തിലുണ്ട്.

ഇതിലെ നാറുന്ന ഇടപാടുകളുടെ തുടര്‍ച്ചയാണോ സിനിമയിലെ ചില തട്ടിക്കൊണ്ട് പോകല്‍ വിവാദങ്ങള്‍ക്കു പിന്നിലെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. ഇത്തരം ഷോകള്‍ നടത്തിയിരുന്നവര്‍, പങ്കെടുത്തവര്‍, തുടര്‍ന്ന് ഉണ്ടായിട്ടുള്ള വിവാദങ്ങള്‍ എല്ലാം പരിശോധിക്കും. ചില കലാകാരന്മാരുടെയും സംഘാടകരുടെയും പെട്ടെന്നുള്ള സാമ്പത്തിക വളര്‍ച്ചയും അന്വേഷിക്കുമെന്നാണ് വിവരും. പെട്ടെന്ന് ആര്‍ജ്ജിച്ച സ്വത്തിന്റെ ശ്രോതസ് ഇവര്‍ വെളിപ്പെടുത്തേണ്ടിവരും. ഈ കണ്ണിയില്‍ സംസ്ഥാനത്തെ നിരവധി രാഷ്ട്രീയ നേതാക്കളും ഉള്‍പെട്ടിട്ടുണ്ട്. ഗള്‍ഫ് നാടുകളില്‍ ഹവാല ഇടപാടുകളിലൂടെ അവര്‍ എത്തിച്ച പണം മറ്റ് പല പ്രവാസികളുടെയും സംരഭങ്ങളില്‍ നിക്ഷേപിച്ചതായി സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം കിട്ടിയിട്ടുണ്ട്. ഇതിന്റെ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. സംസ്ഥാനത്തെ അന്‍പതോളം രാഷ്ട്രീയ നേതാക്കള്‍ ബിനാമികളായി ഗള്‍ഫ് നാടുകളില്‍ വ്യാപാര - വ്യവസായ സംരംഭങ്ങളില്‍ പങ്കാളികളാണ്.

സ്വര്‍ണ്ണക്കടത്തിന്റെ അന്വേഷണ മുന അവിടേക്കും നീണ്ടാല്‍ കേരള രാഷ്ട്രീയവും ആടി ഉലയും. ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ പണം ഉപയോഗിക്കുന്നുണ്ടോ എന്നാണ് അന്വേഷണ സംഘം ഉറ്റ് നോക്കുന്നത്. ഞെട്ടിക്കുന്ന പല വെളിപ്പെടുത്തലുകളും വരും ദിനങ്ങളില്‍ പുറത്തു വരും. അത് ഏതെല്ലാം മേഖലകളില്‍ ആരുടെയൊക്കെ മുഖാവരണമാണ് പിച്ചിചീന്തുകയെന്ന് അറിയാനിരിക്കുന്നതേയുള്ളു.

Tags: