ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം; സുപ്രീകോടതി വിധിയെ സമൂഹം ആവേശപൂര്‍വ്വം സ്വാഗതം ചെയ്യുന്നത് എന്തുകൊണ്ട്?

Glint desk
Mon, 13-07-2020 06:47:01 PM ;

പദ്മനാഭസ്വാമി ക്ഷേത്രത്തിലുള്ള തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ അധികാരത്തെ ശരിവെച്ചു കൊണ്ടാണ് ഇന്ന് സുപ്രീം കോടതി വിധി വന്നത്. ഈ വിധിയെ കൈനീട്ടി സ്വീകരിക്കുന്ന തരത്തിലുള്ള വ്യാപകമായ പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്നത്. ഈ പ്രതികരണങ്ങളെ പൊതുസമൂഹത്തിന്റെ പ്രതികരണമായിട്ടു കൂടിയാണ് കാണേണ്ടത്. 

സര്‍ക്കാര്‍ ഈ വിധിയെ സ്വാഗതം ചെയ്തിരിക്കുകയാണ്. ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ആ സ്വീകരണത്തില്‍ ഒരു ആത്മവിശ്വാസക്കുറവും ലേശം ഭീതി കലര്‍ന്നതുമായ സ്വരം വേണമെങ്കില്‍ വായിച്ചെടുക്കാവുന്നതാണ്. കാരണം സര്‍ക്കാര്‍ സുപ്രീംകോടതിയുടെ ഈ വിധിക്കെതിരെ അപ്പീല്‍ പോകുന്നില്ലെന്നാണ് പറഞ്ഞിരിക്കുന്നത്. ഇടതുപക്ഷ സര്‍ക്കാരിന്റെ പൊതുസ്വഭാവം അനുസരിച്ചിട്ടാണെങ്കില്‍ വന്നിരിക്കുന്ന ഈ വിധി തിരുത്തപ്പെടേണ്ടത് തന്നെയാണ്. പാര്‍ട്ടിയുടെയും മുന്നണിയുടെയും നിലപാടുകള്‍ക്ക് വിരുദ്ധവുമാണ് സുപ്രീംകോടതി വിധി.

പൊതുവെ നോക്കുകയാണെങ്കില്‍ പോലും സ്വതന്ത്ര ഇന്ത്യയുടെ അല്ലെങ്കില്‍ ജനായത്ത സംസ്‌കാരത്തോട് ചേര്‍ന്ന് നില്‍ക്കുന്ന വിധിയല്ല ഇന്ന് വന്നിരിക്കുന്ന സുപ്രീംകോടതി വിധി. ജനായത്ത സംവിധാനം നിലനില്‍ക്കുന്ന ഇന്ത്യയില്‍ രാജകുടുംബങ്ങള്‍ക്കും രാജാവിനും ഒക്കെ ഒരു സാധാരണ/ ശരാശരി പൗരന്റെ അവകാശങ്ങള്‍ മാത്രമെ ഉള്ളൂ. തിരുവിതാംകൂര്‍ രാജകുടുംബങ്ങള്‍ക്കും ഇത് ബാധകമാണ്. 

ഇതിന്റെ അധികാരങ്ങള്‍ എന്തുകൊണ്ട് സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമായിരിക്കണം എന്നത് തിരുവിതാംകൂറിന്റെയും പദ്മനാഭസ്വാമി ക്ഷ്രേത്തിന്റെയും പ്രത്യേകതകള്‍ കണക്കിലെടുക്കുമ്പോള്‍ മനസ്സിലാവുന്താണ്. കാരണം തിരുവിതാംകൂര്‍ രാജാക്കന്മാര്‍ എല്ലാവരും പദ്മാനാഭ ദാസന്‍മാരായിരിക്കും. ഇവര്‍ തിരുവിതാംകൂര്‍ ഭരിച്ചിരുന്നത് പദ്മനാഭ സ്വാമി എന്ന സങ്കല്‍പ്പത്തിലുമാണ്. അതായത് യഥാര്‍ത്ഥ ഭരണാധികാരി പദ്മനാഭ സ്വാമിയാണ്. സ്വാഭാവികമായിട്ടും തിരുവിതാംകൂര്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചപ്പോള്‍ ഭരണാധികാരിയായ പദ്മനാഭസ്വാമിക്ക് വേണ്ടി രാജാവ് ഒപ്പിടുകയാണ് ചെയ്തത്. അതായത് പദ്മനാഭസ്വാമി ക്ഷേത്രവും അതിലുള്ള സ്വത്ത് വകകള്‍ എല്ലാം തന്നെ തിരുവിതാംകൂറിന്റെ സ്വത്ത് തന്നെയായിരുന്നു. അപ്പോള്‍ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ മഴുവന്‍ സ്വത്തും സ്വാഭാവികമായി വന്നുചേരേണ്ടത് ഐക്യ കേരളത്തിന് തന്നെയാണ്. ഈ ഒരു യാഥാര്‍ത്ഥ്യം കേരള ഹൈക്കോടതി വിധിയില്‍ സുവ്യക്തമായി നിഴലിച്ചിരുന്നു. എന്നാല്‍ ഇതിനെ തീര്‍ത്തും അവഗണിക്കുന്നതാണ് സുപ്രീംകോടതി വിധി. 

എന്തുകൊണ്ട് ഇങ്ങനെ ഒരു വിധി വന്നു അല്ലെങ്കില്‍ എന്തുകൊണ്ട് ഈ വിധിയെ ശരാശരി സമൂഹം വളരെ ആവേശത്തോടെ സ്വാഗതം ചെയ്യുന്നു എന്നതും പരിശോധിക്കേണ്ടത് തന്നെയാണ്. കാരണം ജനായത്ത സംവിധാനം നമ്മുടെ സ്വത്തുവകകള്‍ കൈകാര്യം ചെയ്യുന്നതില്‍ ശുഷ്‌കാന്തി പുലര്‍ത്തുന്നില്ല അല്ലെങ്കില്‍ അത് ദുര്‍വിനിയോഗം ചെയ്യുന്നു എന്ന പൊതുധാരണയുടെ അടിസ്ഥാനത്തിലായിരിക്കണം ഈ വിധിയെ പൊതുജനങ്ങള്‍ ഇത്രയധികം സ്വാഗതം ചെയ്യുന്നത്. 

തിരുവിതാകൂര്‍ രാജഭരണകാലത്തേക്ക് നോക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ജനായത്ത സംവിധാനത്തിന്റെ വരവിനെ എതിര്‍ക്കുകയും ജനകീയ വിരുദ്ധമായ ഒട്ടേറെ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്തിട്ടുള്ള രാജകുടുംബമാണ് ഇവര്‍. ആ രാജകുടുംത്തിലേക്ക് വീണ്ടും ഈ അധികാരങ്ങള്‍ പോകുന്നതിനെയാണ് സാധാരണ ജനങ്ങള്‍ ആവേശപൂര്‍വ്വം സ്വാഗതം ചെയ്യുന്നത് എന്ന് കാണുമ്പോഴാണ് നമ്മുടെ ജനായത്ത സംവിധാനത്തില്‍ ജനങ്ങള്‍ക്കുള്ള ആത്മവിശ്വാസത്തിന്റെ കുറവിന്റെ ആഴം വ്യക്തമാകുന്നത്. ഇത് അപകടകരമായ സൂചനയാണ്. ഈ അപകടകരമായ സൂചനയെ രാഷ്ട്രീയ പാര്‍ട്ടികളും ഭരണാധികാരികളും സാധാരണ ജനങ്ങളും ഒരുപോലെ കണ്ണ് തുറന്ന് കാണേണ്ടതുമാണ്.

Tags: