സംസ്ഥാനത്ത് ഇന്ന് 449 പേര്‍ക്ക് കൊവിഡ്, സമ്പര്‍ക്കത്തിലൂടെ 144 പേര്‍ക്ക് രോഗം

Glint desk
Mon, 13-07-2020 06:15:48 PM ;

സംസ്ഥാനത്ത് ഇന്ന് 449 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായും 162 പേര്‍ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ 140 പേര്‍ വിദേശത്ത് നിന്നും 64 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. സമ്പര്‍ക്കത്തിലൂടെ 144 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 18 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ആരോഗ്യപ്രവര്‍ത്തകര്‍ 5, ഡി.എസ്.സി 10, ബി.എസ്.എഫ് 1, ഐ.ടി.ബി.പി 77, ഫയര്‍ഫോഴ്‌സ് 4, കെ.എസ്.സി 3 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 

ആലപ്പുഴ 119, തിരുവനന്തപുരം 63, മലപ്പുറം 47, കണ്ണൂര്‍ 44, കൊല്ലം 33, പാലക്കാട് 19, കോഴിക്കോട് 16, എറണാകുളം 15, വയനാട് 14, കോട്ടയം 10, തൃശ്ശൂര്‍ 9, കോഴിക്കോട് 9, ഇടുക്കി 4 എന്നിങ്ങനെയാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

തിരുവനന്തപുരം 3, കൊല്ലം 10, പത്തനംതിട്ട 2, ആലപ്പുഴ 7, കോട്ടയം 12, എറണാകുളം 12, തൃശ്ശൂര്‍ 14, പാലക്കാട് 25, മലപ്പുറം 28, കോഴിക്കോട് 8, വയനാട് 16, കണ്ണൂര്‍ 20, കാസര്‍കോട് 5 എന്നിങ്ങനെയാണ് ഇന്ന് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

24 മണിക്കൂറിനിടെ 12,230 സാമ്പിളുകള്‍ ശേഖരിച്ചു. 1,80,594 പേരാണ് നിരീക്ഷണത്തിലുള്ളത്. 4376 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. ഇന്ന് 713 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 2,44,388 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 5,407 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്. 

ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 223 ആയി. തിരുവനന്തപുരം നഗരത്തിലെ മാണിക്കവിളാകം, പൂന്തുറ, പുത്തന്‍പള്ളി വാര്‍ഡുകളും ചവറ, പന്മന, പട്ടണക്കാട്, എടക്കരപ്പള്ളി, ചേര്‍ത്തല സൗത്ത്, മാരാരിക്കുളം നോര്‍ത്ത്, കോടന്തുരുത്ത്. തുറവൂര്‍ ആറാട്ടുപുഴ, ചെല്ലാനം വെളിയംകോട് പെരുമ്പടപ്പ് പഞ്ചായത്തുകളിലേയും പൊന്നാനി താനൂര്‍ മുന്‍സിപ്പാലിറ്റികളിലെ എല്ലാ വാര്‍ഡുകളിലും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Tags: