സ്വര്‍ണക്കടത്ത് കേസ്; ജാമ്യഹര്‍ജി നല്‍കി സ്വപ്‌ന സുരേഷ്

Glint desk
Thu, 09-07-2020 11:32:37 AM ;

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യകണ്ണിയെന്ന് സംശയിക്കുന്ന സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം നല്‍കി. ഇ-ഫയലിംഗ് വഴിയാണ് ഇന്നലെ അര്‍ധരാത്രിയോടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. യു.എ.ഇ കോണ്‍സുലേറ്റില്‍ താല്‍ക്കാലിക ജോലിയാണെന്നും യു.എ.ഇ കൗണ്‍സില്‍ ജനറല്‍ പറഞ്ഞത് പ്രകാരമാണ് നയതന്ത്ര പാര്‍സല്‍ കൈപ്പറ്റാന്‍ പോയതെന്നും സ്വര്‍ണ്ണക്കടത്തുമായി ബന്ധമില്ലെന്നും ജാമ്യഹര്‍ജിയില്‍ സ്വപ്‌ന പറയുന്നു.

പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിന് കീഴിലുള്ള കരാര്‍ ജീവനക്കാരി മാത്രമാണ് താനെന്നും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുത്തി വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും സ്വപ്‌ന ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്. 

കൊറോണയുടെ പശ്ചാത്തലത്തില്‍ നിലവിലെ കോണ്‍സുലേറ്റ് ജനറല്‍ നാട്ടിലേക്ക് മടങ്ങിപ്പോയിരുന്നു. നിലവില്‍ ആക്ടിംഗ് കോണ്‍സുലേറ്റ് ജനറലായി പ്രവര്‍ത്തിക്കുന്ന റാഷിദ് ഖാമിസ് അല്‍ ഷമെയ്‌ലി തനിക്ക് വന്ന കാര്‍ഗോ വൈകുന്നതിന് കാരണം അന്വേഷിക്കുന്നതിനായി തന്നെ ചുമതലപ്പെടുത്തി. അതനുസരിച്ചാണ് വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചത്. കസ്റ്റംസ് കാര്‍ഗോ ഓഫീസില്‍ താന്‍ പോയിട്ടില്ലെന്നും കോണ്‍സുലേറ്റ് നിര്‍ദേശപ്രകാരം ഇ മെയില്‍ അയക്കുക മാത്രമാണ് ചെയ്തതെന്നും സ്വപ്‌ന മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. കോണ്‍സുലേറ്റ് പി.ആര്‍.ഒക്ക് മാത്രമെ നേരിട്ട് പോയി കാര്‍ഗോ കൈപ്പറ്റാന്‍ കഴിയുകയുള്ളൂ. അതിനാലാണ് ഫോണില്‍ വിളിച്ച് കാര്‍ഗോ വൈകുന്നതിന്റെ കാരണം അന്വേഷിച്ചത്. 2016 മുതല്‍ 2019 വരെ കോണ്‍സുലേറ്റില്‍ ജോലി ചെയ്തിരുന്നു എന്നും ഇപ്പോഴും കോണ്‍സുലേറ്റ് ആവശ്യപ്പെടുന്നത് പ്രകാരമുള്ള ജോലികള്‍ ചെയ്യുന്നുണ്ടെന്നും ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്. 

സ്വപ്‌ന നിലവില്‍ ഒളിവിലാണ്. തിരുവനന്തപുരത്തും കൊച്ചിയിലും ഇവര്‍ക്കായി കസ്റ്റംസ് തിരച്ചില്‍ തുടരുകയാണ്. 

Tags: