കൊച്ചിയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണിന് മുന്നറിയിപ്പുണ്ടാവില്ല, സ്ഥിതി ഗുരുതരം; മന്ത്രി

Glint desk
Wed, 08-07-2020 05:53:25 PM ;

ഇപ്പോഴത്തെ സാഹചര്യത്തില്‍ ആവശ്യമായി വന്നാല്‍ മുന്നറിയിപ്പില്ലാതെ കൊച്ചിയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് എറണാകുളം ജില്ലയുടെ കൊവിഡ് പ്രതിരോധ ചുമതലയുള്ള മന്ത്രി വി.എസ് സുനില്‍കുമാര്‍. ജില്ലയിലെ നിലവിലെ സ്ഥിതി ഗുരുതരമാണെന്നും അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

എല്ലാ ജില്ലകളിലും രോഗം ഏറ്റവും ഉയര്‍ന്ന തോതില്‍ എത്തുമെന്ന് കരുതപ്പെടുന്ന മാസമാണ് ജൂലൈ. എറണാകുളം ജില്ലയിലും സ്ഥിതി വ്യത്യസ്തമല്ല. മെട്രോപൊളിറ്റന്‍ സിറ്റി ഉള്ള ജില്ല ആയതിനാല്‍ എറണാകുളത്ത് അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്. കണ്ടെയ്ന്‍മെന്റ് സോണുകളുടെ എണ്ണം വര്‍ധിപ്പിക്കും. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ എവിടെയെങ്കിലും സ്ഥിതി ഗുരുതരമായാല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കും. അതിനായി പ്രത്യേകിച്ച് കൂടിയാലോചനകളോ മുന്നറിയിപ്പോ ഉണ്ടാവില്ല. വിദഗ്ദര്‍ ആവശ്യപ്പെട്ടാല്‍ ഉടന്‍ തന്നെ പ്രഖ്യാപിക്കുകയാകും ചെയ്യുക എന്ന് മന്ത്രി വ്യക്തമാക്കി. 

Tags: