സംസ്ഥാനത്ത് ഇന്ന് 121 പേര്‍ക്ക് കൊവിഡ്, 79 പേര്‍ക്ക് രോഗമുക്തി

Glint desk
Mon, 29-06-2020 06:08:02 PM ;

സംസ്ഥാനത്ത് ഇന്ന് 121 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായും 79 പേര്‍ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷമുള്ള പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ വിദേശത്ത് നിന്നും 26 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. സമ്പര്‍ക്കം വഴി 5 പേര്‍ക്കും 3 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. 9 സി.ഐ.എസ്.എഫുകാര്‍ക്കും രോഗം ബാധിച്ചു. 

തിരുവനന്തപുരം 4, കോഴിക്കോട് 9, എറണാകുളം 5, തൃശ്ശൂര്‍ 26, കൊല്ലം 11, പാലക്കാട് 12, കാസര്‍കോട് 4, ആലപ്പുഴ 5, പത്തനംതിട്ട 13, ഇടുക്കി 5, കണ്ണൂര്‍ 14,  മലപ്പുറം 13 എന്നിങ്ങനെയാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

തിരുവനന്തപുരം 3, കൊല്ലം 18, ആലപ്പുഴ 8, കോട്ടയം 8, എറണാകുളം 4, തൃശ്ശൂര്‍ 5, പാലക്കാട് 3, കോഴിക്കോട് 3, മലപ്പുറം 7, കണ്ണൂര്‍ 13, കാസര്‍കോട് 2 എന്നിങ്ങനെയാണ് രോഗമുക്തരായവരുടെ ജില്ല തിരിച്ചുള്ള കണക്ക്. 

24 മണിക്കൂറിനിടെ 5244 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്ത് ഇതുവരെ 4311 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചികില്‍സയിലുള്ളത് 2057 പേര്‍. 1,80,617 പേരാണ് നിരീക്ഷണത്തിലുള്ളത്. 2662 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് മാത്രം 281 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

24 ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരണമടഞ്ഞ തമിഴ്‌നാട് സ്വദേശി അരസാകരന്റെ സ്രവപരിശോധനാ ഫലം കൊവിഡ് പോസിറ്റീവ് ആണെന്നും മുഖ്യമന്ത്രി അറിയിച്ചു.

Tags: