തട്ടിപ്പ് സംഘം മൂന്ന് തവണ വിളിച്ചു, ഷംനയുടേയും മിയയുടേയും നമ്പര്‍ ചോദിച്ചു; ധര്‍മ്മജന്‍ ബോള്‍ഗാട്ടി

Glint desk
Mon, 29-06-2020 05:33:04 PM ;

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ സംഘം രണ്ടോ മൂന്നോ തവണ വിളിച്ചുവെന്നും നടിമാരായ മിയ, ഷംന എന്നിവരുടെ നമ്പറുകള്‍ ചോദിച്ചിരുന്നെന്നും ധര്‍മ്മജന്‍ ബോള്‍ഗാട്ടി. കൊച്ചിയില്‍ പോലീസിന് മൊഴി നല്‍കിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സിനിമയിലെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഷാജി പട്ടിക്കരയാണ് എന്റെ നമ്പര്‍ കൊടുത്തത്. അഷ്‌കര്‍ അലി എന്ന് പരിചയപ്പെടുത്തിയ ആളാണ് വിളിച്ചത്. സ്വര്‍ണക്കടത്തിന്റെ ആള്‍ക്കാരാണെന്നും സെലിബ്രിറ്റികളെ ഉപയോഗിച്ച് സ്വര്‍ണം കടത്തുന്നവരാണെന്നും പറഞ്ഞു. കോടിക്കണക്കിന് രൂപയുടെ കണക്കുകളും പറഞ്ഞു. ലോക്ക്ഡൗണ്‍ സമയത്ത് തമാശക്ക് വിളിക്കുന്ന ആളുകളാണെന്നാണ് കരുതിയത്. അതിനാല്‍ കാര്യമായെടുത്തില്ല. പിന്നീട് നടിമാരായ മിയ, ഷംന കാസിം എന്നിവരുടെ നമ്പറുകള്‍ ചോദിച്ചു. അവരെ പരിചയപ്പെടുത്തി തരണമെന്ന് ആവശ്യപ്പെട്ടു. ആകെ രണ്ടോ മൂന്നോ തവണയാണ് വിളിച്ചത് പിന്നീട് പോലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞതോടെ അവര്‍ വിളിച്ചിരുന്ന നമ്പര്‍ സ്വിച്ച് ഓഫ് ആക്കി. പിന്നീട് വിളിച്ചിട്ടില്ല. ഷംനയോട് ഇക്കാര്യം പറഞ്ഞിരുന്നില്ല. ഷാജി പട്ടിക്കര എന്തുകൊണ്ടാണ് തന്റെ നമ്പര്‍ നല്‍കിയതെന്ന് അറിയില്ല. തന്റെ നമ്പര്‍ പ്രതികളുടെ ഫോണില്‍ കണ്ട് പോലീസ് കഴിഞ്ഞ ദിവസം വിളിച്ചിരുന്നു. എല്ലാ കാര്യങ്ങളും പോലീസിനോട് പറഞ്ഞിട്ടുണ്ട്. ധര്‍മ്മജന്‍ ബോള്‍ഗാട്ടി വിശദീകരിച്ചു.

കൊച്ചി ട്രാഫിക് സ്റ്റേഷനിലെത്തിയാണ് നടന്‍ മൊഴി നല്‍കിയത്.  

Tags: