ബ്ലാക്ക് മെയിലിംഗ് തട്ടിപ്പ്; മേക്കപ്പ് മാന്‍ പിടിയില്‍, അന്വേഷണം സിനിമാ മേഖലയിലേക്ക്

Glint desk
Mon, 29-06-2020 12:10:53 PM ;

നടി ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത കേസില്‍ പ്രതിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഹാരിസ് പിടിയിലായി. വിവാഹാലോചനയുടെ ഇടനിലക്കാരനായത് ഹാരിസായിരുന്നു. ഇയാളാണ് മറ്റുള്ളവരെ നടിയുടെ കുടുംബത്തിന് പരിചയപ്പെടുത്തിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറെ പറഞ്ഞു. ഷംനയുടെ കേസിന് പുറമെ 7 കേസുകളാണ് പ്രതികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി. 

കേസുമായി ബന്ധപ്പെട്ട് സിനിമാ മേഖലയിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. തട്ടിപ്പ് സംഘത്തിലെ പ്രതികള്‍ കൂടുതല്‍ സിനിമാ താരങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് അന്വേഷണം താരങ്ങളിലേക്കും നീണ്ടത്. ഇതിന്റെ ഭാഗമായി ഷംനയോടൊപ്പം വിദേശരാജ്യങ്ങളില്‍ സ്റ്റേജ് ഷോയില്‍ പങ്കെടുത്ത നാല് താരങ്ങളില്‍ നിന്ന് പോലീസ് വിവരങ്ങള്‍ തേടി. 

കേസില്‍ ആകെ എട്ടുപേര്‍ അറസ്റ്റിലായി. മൂന്ന് പ്രതികള്‍ കൂടിയുണ്ട്. ഇവരും ഉടന്‍ പിടിയിലാകും. കേസില്‍ പ്രതികളായവര്‍ സുഹൃത്തുക്കളും ബന്ധുക്കളുമാണെന്ന് വിജയ് സാഖറെ പറഞ്ഞു. 

പ്രതികള്‍ക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമൊന്നും കണ്ടെത്താനായില്ല. ഒരു പെണ്‍ക്കുട്ടി മാത്രമാണ് ലൈംഗികാതിക്രമത്തിന് പരാതി നല്‍കിയിട്ടുള്ളത്. പെണ്‍ക്കുട്ടികളാരും പരാതിയില്‍ നിന്ന് പിന്മാറിയിട്ടില്ല. ഈ സംഭവങ്ങളില്‍ കൂടുതല്‍ കേസുകളുണ്ടാകുമെന്നും വിജയ് സാഖറെ വിശദീകരിച്ചു.

Tags: