ഉത്ര വധക്കേസ്: തെളിവ് ശേഖരിക്കുന്നതില്‍ വീഴ്ച വരുത്തി, അഞ്ചല്‍ സി.ഐക്കെതിരെ റിപ്പോര്‍ട്ട്

Glint desk
Sun, 07-06-2020 12:42:17 PM ;

ഉത്ര വധക്കേസില്‍ അഞ്ചല്‍ സി.ഐ സുധീര്‍ വീഴ്ച വരുത്തിയതായി പോലീസ് റിപ്പോര്‍ട്ട്. കേസിന്റെ പ്രാഥമിക ഘട്ടത്തിലെ തെളിവ് ശേഖരണത്തില്‍ സി.ഐ വീഴ്ച വരുത്തിയെന്നാണ് കൊല്ലം റൂറല്‍ എസ്.പിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. സി.ഐയ്ക്ക് എതിരായ റിപ്പോര്‍ട്ട് ഡി.ജി.പിക്ക് കൈമാറി. ഉത്രയുടെ മരണവുമായി ബന്ധപ്പെട്ട് മാതാപിതാക്കള്‍ പരാതി നല്‍കിയതിന് പിന്നാലെ സി.ഐ കൃത്യമായി ഇടപെട്ടില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കേസ് അന്വേഷണത്തില്‍ സി.ഐ അലംഭാവം കാണിച്ചെന്ന് ഉത്രയുടെ കുടുംബവും ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ കൊല്ലം റൂറല്‍ എസ്.പി അന്വേഷണം നടത്തിയത്. 

ഉത്ര വധക്കേസിന്റെ തുടക്കത്തില്‍ കൃത്യമായി വിവരങ്ങള്‍ ശേഖരിച്ചില്ലെന്നും തെളിവുകള്‍ കൈമാറുന്നത് വൈകിപ്പിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഉത്ര വധക്കേസില്‍ സി.ഐക്ക് എതിരെ സി.പി.ഐ അടക്കമുള്ള വിവിധ രാഷ്ട്രീയകക്ഷികളും രംഗത്തുവന്നിരുന്നു. 

കഴിഞ്ഞ ദിവസം അഞ്ചല്‍ ഇടമുളയ്ക്കലില്‍ ദമ്പതിമാര്‍ മരിച്ച സംഭവത്തില്‍ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ ഒപ്പിടാന്‍ മൃതദേഹം വീട്ടിലേക്ക് എത്തിച്ചെന്നും സി.ഐയ്ക്ക് എതിരെ പരാതി ഉയര്‍ന്നിരുന്നു. ഈ സംഭവത്തില്‍ പുനലൂര്‍ ഡി.വൈ.എസ്.പിയുടെ അന്വേഷണം തുടരുകയാണ്. നേരത്തെ അഞ്ചല്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാനായി എത്തിയ മറുനാടന്‍ തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ചെന്നും സി.ഐ സുധീറിനെതിരെ ആക്ഷേപം ഉയര്‍ന്നിരുന്നു. 

 

Tags: