ബെവ്ക്യൂ ആപ്പ്; ഒ.ടി.പി പ്രശ്‌നം പരിഹരിച്ചു, പുതിയ തകരാറുകളെന്ന് സൂചന

Glint desk
Fri, 29-05-2020 05:46:30 PM ;

ബെവ്ക്യൂ ആപ്പില്‍ പുതിയ തകരാറുകളെന്ന് സൂചന. കഴിഞ്ഞ ദിവസം ഉണ്ടായ ഒ.ടി.പി പ്രശ്‌നം പരിഹരിച്ചു. എന്നാല്‍ ഒരേസമയം ഒരുപാട് പേര്‍ ആപ്പ് ഉപയോഗിക്കാന്‍ ശ്രമിച്ചതാണ് ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതെന്നാണ് ആപ്പ് നിര്‍മിച്ച ഫെയര്‍കോഡ് കമ്പനിയോട് അടുത്ത വൃത്തങ്ങളില്‍ നിന്നുള്ള വിവരം. ഈ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് കമ്പനി എന്നും ഇവര്‍ പറയുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും ബെവ്ക്യൂ ആപ്പില്‍ തകരാറുകള്‍ തുടര്‍ന്നതോടെ കടുത്ത വിമര്‍ശനമാണ് സര്‍ക്കാരിനും ആപ്പ് നിര്‍മാതാക്കള്‍ക്കുമെതിരെ ഉയരുന്നത്. 

എന്നാല്‍ ആപ്പ് പിന്‍വലിക്കില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. സാങ്കേതിക തകരാറുകള്‍ പിന്‍വലിച്ച് ഇതേ ആപ്പുമായി മുന്നോട്ട് പോകാനാണ് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരിക്കുന്നത്. ആപ്പ് സംബന്ധിച്ചുണ്ടായിരുന്ന പോസ്റ്റുകള്‍ ഫേസ്ബുക്ക് പേജില്‍ നിന്ന് ഫെയര്‍കോഡ് പിന്‍വലിച്ചിരുന്നു. 

ആപ്പ് പുറത്തിറങ്ങിയതോടെ തങ്ങളുടെ ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞുവെന്നും നിര്‍മാതാക്കള്‍ക്ക് സാങ്കേതിക പരിജ്ഞാനമില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 

Tags: