എം.കെ അര്‍ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു

Glint desk
Mon, 06-04-2020 11:07:33 AM ;

പ്രശസ്ത സംഗീത സംവിധായകന്‍ എം.കെ അര്‍ജുനന്‍ മാസ്റ്റര്‍(84) അന്തരിച്ചു. കൊച്ചി പള്ളുരുത്തിയിലെ പാര്‍വതി മന്ദിരം വസതിയില്‍ പുലര്‍ച്ചെ 3.30നായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പള്ളുരുത്തി ശ്മശാനത്തില്‍ വച്ചാണ് സംസ്‌കാരം. 

അരനൂറ്റാണ്ട് കാലം മലയാളികള്‍ നെഞ്ചേറ്റിയ ഗാനങ്ങളുടെ ശില്‍പ്പിയാണ് അന്തരിച്ച അര്‍ജുനന്‍ മാസ്റ്റര്‍. 1958ല്‍ നാടകമേഖലയിലൂടെയായിരുന്നു എം.കെ അര്‍ജുനന്‍ എന്ന അര്‍ജുനന്‍ മാസ്റ്ററിന്റെ അരങ്ങേറ്റം. 1964ല്‍ 'ഒരേ ഭൂമി ഒരേ രക്ത'ത്തിലെ പാട്ടുകള്‍ക്ക് ഈണം നല്‍കിയെങ്കിലും 1968ല്‍ 'കറുത്ത പൗര്‍ണമി'യിലെ പാട്ടുകളിലൂടെയാണ് എം.കെ അര്‍ജുനന്‍ മാസ്റ്ററിനെ മലയാളക്കര അറിഞ്ഞത്. എഴുന്നൂറോളം സിനിമകള്‍ക്കും പ്രൊഫഷണല്‍ നാടകങ്ങള്‍ക്കും സംഗീതമൊരുക്കി. സംഗീത സംവിധാന രംഗത്തേക്ക് കൈപിടിച്ചുയര്‍ത്തിയ ശ്രീകുമാരന്‍ തമ്പിയുമായി ചേര്‍ന്നുള്ള പാട്ടുകളായിരുന്നു ഭൂരിഭാഗവും. 

2017ല്‍ മികച്ച സംഗീത സംവിധായനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌ക്കാരം 'ഭയാനകം' എന്ന ചിത്രത്തിലൂടെ ലഭിച്ചു. പതിറ്റാണ്ടുകളുടെ ചരിത്രം പേറുന്ന മാസ്റ്റര്‍ക്ക് വളരെ വൈകിയാണ് ഇങ്ങനെയൊരു അംഗീകാരം ലഭിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്റെ സിനിമാ മേഖലയിലേക്കുള്ള അരങ്ങേറ്റവും ഇദ്ദേഹത്തിന്റെ കീ ബോര്‍ഡ് പ്ലെയറായി പ്രവര്‍ത്തിച്ചു കൊണ്ടായിരുന്നു. 

Tags: