സംസ്ഥാനത്ത് 9 പേര്‍ക്ക് കൂടി കൊറോണ, നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും, ആരും പട്ടിണി കിടക്കേണ്ടി വരില്ല- മുഖ്യമന്ത്രി

Glint Desk
Wed, 25-03-2020 06:47:40 PM ;

സംസ്ഥാനത്ത് ഇന്ന് ഒമ്പത് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.  മൂന്ന് പേര്‍ എറണാകുളത്തും, രണ്ട് പേര്‍ക്ക് വീതം പത്തനംതിട്ടയിലും പാലക്കാടും, കോഴിക്കോടും ഇടുക്കിയിലും ഒരോരുത്തര്‍ക്കുമാണ് ഇന്ന് വൈറസ് സ്ഥിരീകരിച്ചത്. ഇതില്‍ നാല് പേര്‍ ദുബായില്‍ നിന്ന് വന്നവരാണ്. ഇതുവരെ ആകെ 12 പേര്‍ രോഗവിമുക്തരായെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പകര്‍ച്ച വ്യാധികള്‍ നേരിടുന്നതിനായി പ്രത്യേക ഓര്‍ഡിനന്‍സ് കൊണ്ടുവരും. നിലവില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവര്‍ക്ക് സഹായമുറപ്പാക്കാന്‍ വിപുലമായ സംവിധാനം ഒരുക്കും. അതിനായി വാര്‍ഡ് തല സമിതികള്‍ രൂപീകരിക്കാന്‍ തീരുമാനമായി. അതില്‍ സന്നദ്ധ പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തും. ഈ സമിതിയില്‍ ഒരു കൊടിയുടെ നിറവും ഉണ്ടാവരുത്. നിയന്ത്രണങ്ങളുടെ പേരില്‍ കേരളത്തില്‍ ആരും പട്ടിണികിടക്കുന്ന സാഹചര്യം ഒഴിവാക്കും. ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കും ഒറ്റയ്ക്ക് താമസിക്കുന്നവര്‍ക്കും ഭക്ഷണമുറപ്പാക്കാന്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ ബധ്യസ്ഥരാണ്. ഇതിനായി കമ്മ്യൂണിറ്റി കിച്ചണുകള്‍ ആരംഭിക്കും. 

മറ്റ് രോഗങ്ങള്‍ ബാധിച്ച് ആശുപത്രിയില്‍ കഴിയുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആവശ്യമായ സഹായം ലഭ്യമാക്കും. ഇതിനായി ഡി.എം.ഒമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 

മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്കും പട്ടികയില്‍ ഇല്ലാത്തവര്‍ക്കും അരി ലഭ്യമാക്കും.
അരിയ്‌ക്കൊപ്പം പലവ്യഞ്ജനങ്ങളുടെ കിറ്റും ലഭ്യമാക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിനായി പ്രമുഖ പലവ്യഞ്ജന വ്യാപാരികളുടെ സഹായം തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

നേരത്തെ പ്രഖ്യാപിച്ച സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ 27 മുതല്‍ വിതരണം ചെയ്യും.സംസ്ഥാനത്തെ പല ജില്ലകളിലും ഇപ്പോല്‍ കൊയ്ത്തിന്റെ കാലമാണ്. കൊയ്ത്ത് മാറ്റിവയ്ക്കാന്‍ സാധിക്കില്ല, കാരണം വരും മാസങ്ങളില്‍ മഴ വരും. അതുകൊണ്ട് കൊയ്ത്തിനെ ഒരു ആവശ്യ സര്‍വീസായി കണക്കാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊയ്യുന്ന നെല്ല് പ്രാദേശികമായി സംഭരിക്കാന്‍ സാഹചര്യമുണ്ടാക്കും. ഇതിന് സഹകരണ സ്ഥാപനങ്ങളും തദ്ദേശ സ്ഥാപനങ്ങള്‍ സൗകര്യമൊരുക്കണം. 

നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ തല്‍ക്കാലം നിലവിലുള്ള സ്ഥലത്ത് തുടരുന്നതായിരിക്കും നല്ലത്. നാട്ടിലെത്തിയാല്‍ ഇവര്‍ പല ബുദ്ധിമുട്ടും നേരിടേണ്ടി വരും. സംസ്ഥാനത്തിന്റെ അതിര്‍ത്തികളില്‍ തടയപ്പെട്ടിരിക്കുന്നവരെ അവിടെ തന്നെ നിരീക്ഷണത്തിലാക്കും. നിരീക്ഷണ കാലയളവ് കഴിഞ്ഞ ശേഷം മാത്രമേ വീടുകളിലേക്ക് പറഞ്ഞയക്കൂ. ഇതില്‍ ആരും പരിഭവപ്പെട്ടിട്ട് കാര്യമില്ല. സമൂഹത്തിന്റെ നന്മയെ കരുതിയുള്ള നടപടിയാണ്. ഇത് ഉള്‍ക്കൊള്ളാന്‍ തയ്യാറാവണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Tags: