ലോക്ക്ഡൗണിലും പണിയെടുപ്പിച്ച് ഇടുക്കിയിലെ എസ്റ്റേറ്റ്

Glint desk
Wed, 25-03-2020 03:36:53 PM ;

ഇടുക്കി പീരുമേട് ഹെലിബെറിയ എസ്റ്റേറ്റില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ച് തൊഴിലാളികളെ ജോലിയെടുപ്പിച്ചു. 850ല്‍ അധികം തൊഴിലാളികളെയാണ് മാനേജ്‌മെന്റ് ലോക്ക്ഡൗണ്‍ നിര്‍ദേശം ലംഘിച്ചും പണിയെടുപ്പിച്ചത്. ജോലി നിര്‍ത്തി വയ്ക്കാനുള്ള ഉത്തരവൊന്നും ലഭിച്ചിട്ടില്ല എന്നാണ് മാനേജ്‌മെന്റ് തൊഴിലാളികളോട് പറഞ്ഞത്. ജോലി ചെയ്യാന്‍ താല്‍പ്പര്യം ഇല്ലാത്തവര്‍ അത് എഴുതി നല്‍കണമെന്നും മാനേജ്‌മെന്റ് ഇവരെ ഭീഷണിപ്പെടുത്തിയിരുന്നു. തൊഴിലാളികളുടെ പരാതിയെ തുടര്‍ന്ന് ഉപ്പുതറ പോലീസ് തോട്ടത്തിലെത്തി ജോലി നിര്‍ത്തി വെപ്പിക്കുകയായിരുന്നു. 

കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ ലോക്ക്ഡൗണ്‍ ഉള്ളതിനാല്‍ ഊടുവഴിയിലൂടെ പൂപ്പാറയിലെ എസ്റ്റേറ്റിലേക്ക് പോയ നാല് തൊഴിലാളികള്‍ കാട്ടുതീയില്‍ വെന്തുമരിച്ചിരുന്നു. ബോഡിമെട്ട് ചെക്ക്‌പോസ്റ്റില്‍ പരിശോധനയുള്ളതിനാല്‍ കാട്ടുപാതയായ ജണ്ടാര്‍ നിരപ്പ് വഴി അനധികൃതമായാണ് ഇവര്‍ വന്നതും പോയതും. പത്ത് പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. മുന്നുവയസ്സുകാരിയും കാട്ടുതീയില്‍ പെട്ടിരുന്നു.

കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ പല എസ്റ്റേറ്റുകളിലും തൊഴിലാളികളെ പണിയെടുപ്പിക്കുകയാണെന്ന പരാതികള്‍ ശക്തമാണ്. ഇതില്‍ ജില്ലാഭരണകൂടം കൃത്യമായി ഇടപെടുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.  

ഇടുക്കിയില്‍ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കാന്‍ ഇന്ന് ഉത്തരവിറക്കിയിരുന്നു. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ തൊഴിലാളികള്‍ കൂട്ടമായി പണിയെടുക്കുന്നത് ഒഴിവാക്കാനാണ് നടപടി. 

Tags: