ബി.പി.ല്‍ വിഭാഗത്തിലുള്ളവര്‍ക്ക് 15 കിലോ അരിയടക്കമുള്ള ഭക്ഷ്യകിറ്റ്; നേരിട്ട് വീട്ടിലെത്തിക്കും

Glint desk
Wed, 25-03-2020 11:43:01 AM ;

രാജ്യം സമ്പൂര്‍ണ്ണ ലോക്ക്ഡൗണിലേക്ക് നീങ്ങിയതോടെ അവശ്യ സാധനങ്ങള്‍ വീടുകളിലെത്തിക്കാനുള്ള തീരുമാനവുമായി കേരള സര്‍ക്കാര്‍. ബി.പി.എല്‍ മുന്‍ഗണനാ ലിസ്റ്റിലുള്ളവര്‍ക്ക് 15 കിലോ അരി അടക്കമുള്ള അവശ്യസാധനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വഴി വീടുകളിലേക്ക് നേരിട്ടെത്തിക്കും. ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം. റേഷന് പുറമെ അടിയന്തര സഹായം എന്ന നിലയിലാണ് ഭക്ഷ്യധാന്യങ്ങള്‍ നല്കുന്നത്. 

മാവേലി സ്റ്റോറുകള്‍, സപ്ലൈകോ വില്‍പ്പന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലൂടെ അല്ലെങ്കില്‍ പഞ്ചായത്ത്, മുനിസിപ്പാലിറ്റി വാര്‍ഡ് അംഗങ്ങളിലൂടെ നേരിട്ട് വീടുകളില്‍ എത്തിക്കുക എന്നീ രണ്ട് സാധ്യതകളാണ് സര്‍ക്കാര്‍ തേടുന്നത്. റേഷന്‍കടകളിലൂടെ ലഭ്യമാക്കിയാല്‍ ജനങ്ങള്‍ കൂട്ടം കൂടാന്‍ ഇടയുണ്ട് എന്നത് കണക്കിലെടുത്താണ് സര്‍ക്കാര്‍ ബദല്‍ മാര്‍ഗ്ഗം ആലോചിക്കുന്നത്. 

സംസ്ഥാനത്തെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. രാവിലെ 9മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും ഉച്ചയ്ക്ക് 2 മുതല്‍ വൈകിട്ട് 5 വരെയും ആണ് റേഷന്‍ കടകളുടെ സമയം ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 1 മണി മുതല്‍ 2 വരെ ഒരു മണിക്കൂര്‍ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കില്ല. 

ക്ഷേമപെന്‍ഷനുകള്‍ക്ക് അര്‍ഹതയില്ലാത്ത കുടുംബങ്ങള്‍ക്ക് 1000 രൂപ നല്‍കാനും സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. 

Tags: