കേരളത്തില്‍ ഒരാള്‍ക്ക് കൂടി കൊറോണ; രോഗം ഇറ്റലിയില്‍ നിന്നെത്തിയ മൂന്ന് വയസ്സുകാരന്

Glint Desk
Mon, 09-03-2020 01:14:51 PM ;

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കൊറോണ സ്ഥരീകരിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറ്റലിയിലില്‍ നിന്നെത്തിയ മൂന്ന് വയസ്സുകാരനാണ് വൈറസ് സ്ഥിരീകരിച്ചത്.മാതാപിതാക്കള്‍ക്കൊപ്പം ഇറ്റലിയില്‍ നിന്ന് എത്തിയ കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏഴാം തീയതി രാവിലെ 6.30നാണ് ഇവര്‍ നാട്ടിലെത്തിയത്. കുട്ടിയുടെ രക്ഷിതാക്കള്‍ക്കും നേരിയ തോതില്‍ പനിയുണ്ട്. ഇവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചിരിക്കുകയാണ്. ഇന്ന് വൈകിട്ടോടെ ഫലം അറിയാന്‍ കഴിയുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു. 

ഇറ്റലിയില്‍ നിന്ന് ദുബായ് വഴിയാണ് കേരളത്തില്‍ എത്തിയത്.ഇവര്‍ക്കൊപ്പം എത്തിയ ആളുകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ് അധികൃതര്‍.കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡി.എം.ഒ അറിയിച്ചു. പരിഭ്രാന്തി വേണ്ടെന്നും മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി. 

ഇതോടെ സംസ്ഥാനത്ത് നിലവില്‍ കൊറോണ ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ആറായി. പത്തനംതിട്ടയില്‍ ഇന്നലെ അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.ഇറ്റലിയില്‍ നിന്ന് എത്തിയ റാന്നിയിലെ മൂന്നംഗ കുടുംബത്തിനും ഇവരുടെ ബന്ധുക്കളായ ദമ്പതികള്‍ക്കുമാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. അഞ്ച് പേരും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. 

വെള്ളിയാഴ്ചയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആലപ്പുഴ വൈറോളജി ലാബിലെ പരിശോധനയില്‍ ശനിയാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. ഒരാഴ്ചത്തെ നിരീക്ഷണത്തിന് ശേഷം വീണ്ടും ഇവരുടെ സ്രവങ്ങള്‍ പരിശോധിക്കും. റാന്നിയിലെ വീട്ടിലെത്തി ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ കോട്ടയം സ്വദേശികളായ നാല് വയസുകാരനടക്കം പതിനഞ്ചോളം ബന്ധുക്കള്‍ നിരീക്ഷണത്തിലാണ്. കഴിഞ്ഞ മാസം 29നാണ് മൂന്നംഗ കുടുംബം ഇറ്റലിയില്‍ നിന്നെത്തിയത്.

Tags: