ട്രാന്‍സിലെയും ജോസഫിലെയും അശാസ്ത്രീയമായ രംഗങ്ങള്‍ തെറ്റിദ്ധാരണ പടര്‍ത്തുന്നു; ഐ.എം.എ

Glint desk
Tue, 03-03-2020 02:19:48 PM ;

വ്യത്യസ്തമായ അവതരണത്തിലൂടെയും അഭിനയ മികവിലൂടെയും പ്രേക്ഷകപ്രശംസ പിടിച്ച് പറ്റിയ ചിത്രങ്ങളായിരുന്നു 'ജോസഫും' ഈയടുത്ത് ഇറങ്ങിയ 'ട്രാന്‍സും'. എന്നാല്‍ ഇപ്പോള്‍ ഈ രണ്ട് ചിത്രങ്ങള്‍ക്ക് എതിരെയും ഐ.എം.എ(ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍) രംഗത്തെത്തിയിരിക്കുകയാണ്. ചിത്രങ്ങളില്‍ അടിത്തറയില്ലാതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയെന്നും അത് കാരണം പലര്‍ക്കും ജീവഹാനിയും ചികില്‍സാ ബുദ്ധിമുട്ടുകളും ഉണ്ടാവുന്ന സാഹചര്യം ഉണ്ടായി എന്നും ഐ.എം.എ ആരോപിക്കുന്നു. ഈ കാരണങ്ങളാല്‍ ഇത്തരം രംഗങ്ങളെ കുറിച്ച് മെഡിക്കല്‍ ഉപദേശക സമിതിയുടെ അഭിപ്രായം തേടണമെന്നും അവര്‍ ആവശ്യപ്പെടുന്നു. 

ഇതിനായി മെഡിക്കല്‍ ഉപദേശക സമിതി രൂപീകരിക്കുന്നത് സംബന്ധിച്ച് സെന്‍സര്‍ ബോര്‍ഡിനും ചലച്ചിത്ര വകുപ്പ് മന്ത്രിക്കും ഐ.എം.എ കത്ത് നല്‍കി. 

'ജോസഫ്' റിലീസായതിന് ശേഷം നിരവധി പേര്‍ അവയവദാനത്തില്‍ നിന്നും പിന്നോക്കം പോവുകയുണ്ടായി എന്നും ഇതു കാരണം നിരവധി ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായി എന്നും 'ട്രാന്‍സ്' എന്ന ചിത്രത്തിലും മാനസിക രോഗ ചികില്‍സയില്‍ ലോക വ്യാപകമായി ഉപയോഗിക്കുന്ന മരുന്നുകളെ കുറിച്ച് വിചിത്രമായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ സന്ദേശങ്ങള്‍ നല്‍കുന്നുണ്ടെന്നും അതിനാല്‍ പല മാനസിക രോഗികളും ചികില്‍സ നിര്‍ത്തുന്ന സാഹചര്യം വരെ ഉണ്ടായി എന്നും ഐ.എം.എ പറയുന്നു. 

ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.എബ്രഹാം വര്‍ഗ്ഗീസ് സെക്രട്ടറി ഡോ.ഗോപി കുമാര്‍ എന്നിവരാണ് സെന്‍സര്‍ ബോര്‍ഡിനോട് വിവാദമായ രംഗങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശനമായ നടപടി വേണമെന്ന ആവശ്യം ഉന്നയിച്ചത്. 

Tags: