പരീക്ഷയെഴുതാന്‍ അനുവാദം തേടി അലന്‍ ഷുഹൈബ് ഹൈക്കോടതിയില്‍

Glint Desk
Fri, 14-02-2020 01:18:34 PM ;

പന്തീരങ്കാവ് യു.എ.പി.എ കേസിലെ പ്രതി അലന്‍ ഷുഹൈബ് എല്‍.എല്‍.ബി പരീക്ഷയെഴുതുവാന്‍ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചു. ഈ മാസം 18ന് നടക്കുന്ന രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.ബി പരീക്ഷ എഴുതാനുള്ള അനുമതി തേടിയാണ് അലന്‍ കോടതിയെ സമീപിച്ചത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പാലയാട് ക്യാമ്പസിലെ വിദ്യാര്‍ത്ഥിയാണ് അലന്‍. മൂന്നാം സെമസ്റ്റര്‍ പരീക്ഷയെഴുതുന്നതില്‍നിന്നും വിലക്കിയിട്ടുണ്ട് എന്നും രണ്ടാം സെമസ്റ്റര്‍ പരീക്ഷയെഴുതുവാന്‍ അവസരം തരണമെന്നും ഒരു വിദ്യാര്‍ത്ഥി എന്നത് പരിഗണിച്ച് ഇതിന് അനുമതി നല്‍കണം എന്നുമാണ് അലന്‍ ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്. 

അലന് പരീക്ഷ എഴുതുന്നതിനായുള്ള അനുമതി നല്‍കണോ എന്ന വിഷയത്തില്‍ കോടതി കേസ് അന്വേഷിക്കുന്ന എന്‍.ഐ.എ, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എന്നിവരുടെ നിലപാട് തേടിയിട്ടുണ്ട്. തിങ്കളാഴ്ച ഇക്കാര്യത്തില്‍ വിശദമായ സത്യവാങ്മൂലം നല്‍കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. ഇത് പരിഗണിച്ച ശേഷമായിരിയ്ക്കും കോടതി അലന്റെ ഹര്‍ജിയില്‍ വിധി പറയുക. 

കേസ് അന്വേഷിക്കുന്ന എന്‍.ഐ.എ കഴിഞ്ഞ ദിവസങ്ങളില്‍ അലന്‍ ഷുഹൈബിനെയും താഹയേയും ചോദ്യം ചെയ്തിരുന്നു. യു.എ.പി.എ കേസില്‍ പ്രതികളായ ഇരുവരുടേയും റിമാന്റ് കാലാവധി അടുത്ത മാസം 13 വരെ കൊച്ചിയിലെ പ്രത്യേക കോടതി നീട്ടി. 

നാല് മാസം മുമ്പാണ് കോഴിക്കോട് നിന്നും സി.പി.എം പ്രവര്‍ത്തകരായ അലനും താഹയും യു.എ.പി.എ ചുമത്തപ്പെട്ട് അറസ്റ്റിലാവുന്നത്. മാവോയിസ്റ്റ് അനുകൂല പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും മാവോയിസ്റ്റ് പ്രസ്ഥാനവുമായി അടുത്ത ബന്ധമുള്ള ഉസ്മാന്‍ എന്നയാളുമായി ഇരുവരും സംസാരിച്ച് നില്‍ക്കുന്നത് കണ്ടിരുന്നു എന്നും പോലീസിനെ കണ്ടപ്പോള്‍ ഉസ്മാന്‍ ഓടിരക്ഷപ്പെട്ടെന്നും പോലീസ് ആരോപിച്ചു.  ഇവരുടെ സമീപത്തുണ്ടായിരുന്ന ബാഗില്‍ നിന്ന് മാവോയിസ്റ്റ് അനുകൂല രേഖകള്‍ കണ്ടെടുത്തു എന്നും പോലീസ് എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നുണ്ട്. ഇരുവരുടേയും അറസ്റ്റ് കേരളത്തില്‍ വലിയ രാഷ്ട്രീയ കോലാഹലമാണുണ്ടാക്കിയത്. 

Tags: