വെടിയുണ്ട കാണാതായ കേസ്; മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗണ്‍മാനും പ്രതി

Glint Desk
Fri, 14-02-2020 10:56:30 AM ;

സായുധസേനാ ക്യാമ്പില്‍ നിന്നും വെടിയുണ്ടകള്‍ നഷ്ടമായ കേസില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗണ്‍മാനും പ്രതി ആണെന്നാണ് പുറത്തു വരുന്ന വിവരം. പേരൂര്‍ക്കട പോലീസ് 11 പോലീസുകാരെ പ്രതി ചേര്‍ത്ത് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ മൂന്നാം പ്രതിയാണ് മന്ത്രിയുടെ ഗണ്‍മാന്‍ സനില്‍ കുമാര്‍. കേസില്‍ 10 മാസം മുമ്പ് തന്നെ അന്വേഷണം തുടങ്ങിയിരുന്നു. എന്നാല്‍ അന്വേഷണം ഇപ്പോഴും ഇഴഞ്ഞ് നീങ്ങിക്കൊണ്ടിരിയ്ക്കുകയാണ്. 

1996 മുതല്‍ 2018 വരെയുള്ള കാലയളവിനിടയില്‍ എസ്.എ.പി ക്യാംപില്‍ നിന്നും വെടിയുണ്ടകള്‍ കാണാതായെന്ന മുന്‍ കമാന്‍ഡന്റ് സേവ്യറിന്റെ പരാതിയില്‍ 2019 ഏപ്രില്‍ 3നാണ് പേരൂര്‍ക്കട പോലീസ് കേസെടുക്കുന്നത്. ഈ കേസിലാണ് മന്ത്രിയുടെ ഗണ്‍മാന്റെ പേരും ഉള്‍പ്പെട്ടിട്ടുള്ളത്. രജിസ്റ്റര്‍ സൂക്ഷിക്കുന്നതിലെ വീഴ്ച പരിശോധിച്ചാണ് പോലീസുകാരെ പ്രതികളാക്കിയിരിക്കുന്നത്. പ്രതികള്‍ വഞ്ചനയിലൂടെ അമിതലാഭം ഉണ്ടാക്കി എന്ന് തുടങ്ങിയ ഗുരുതരമായ പരാമര്‍ശങ്ങള്‍ എഫ്.ഐ.ആറില്‍ വ്യക്തമാക്കിയിട്ടും ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടന്നിട്ടില്ല. വിഷയത്തില്‍ 

ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നു എന്നാണ് പറയുന്നത്. 
സനില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടെന്ന് കരുതി കുറ്റക്കാരനാവില്ലെന്നും കുറ്റവാളിയെന്ന് തെളിയും വരെ സനില്‍കുമാര്‍ തന്റെ സ്റ്റാഫായി തുടരുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു.

Tags: