കോണ്‍ഗ്രസില്‍ അച്ചടക്ക സമിതി കൊണ്ടുവരുമെന്ന് മുല്ലപ്പള്ളി

Glint Desk
Mon, 27-01-2020 04:55:52 PM ;

സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടയില്‍ അച്ചടക്കം ഉറപ്പാക്കാന്‍ പ്രത്യേക സമിതിക്ക് രൂപം നല്‍കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പാര്‍ട്ടിയില്‍ അച്ചടക്കം അനിവാര്യമാണ്. കോണ്‍ഗ്രിസിന്റെ കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ക്കും ഹൈക്കമാന്റിനും ഇതേ നിലപാട് തന്നെയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. 

അച്ചടക്ക സമിതി കൊണ്ട് അഭിപ്രായ സ്വാതന്ത്യമില്ലാതാക്കലല്ല ഉദ്ദേശിക്കുന്നത്. കോണ്‍ഗ്രസ് ഏവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം നല്‍കുന്ന പാര്‍ട്ടിയാണ്. എന്നാല്‍ അഭിപ്രായ പ്രകടനം പൊതുവേദിയിലും മാധ്യമങ്ങള്‍ക്ക് മുന്നിലും ആകരുത്. പാര്‍ട്ടിയുടെ അതത് വേദികളിലായിരിക്കണം അഭിപ്രായം പറയേണ്ടത്. മുല്ലപ്പള്ളി പറഞ്ഞു.

കെ.പി.സി.സി പുനഃസംഘടനയ്‌ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ മുറുമുറുപ്പ് ശക്തമാകുന്നതിനിടെയാണ് മുല്ലപ്പള്ളിയുടെ ഈ നിക്കം എന്നത് ശ്രദ്ധേയമാണ്. കെ.പി.സി.സി ഭാരവാഹിയായി മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കറിന്റെ മകന്‍ മോഹന്‍ ശങ്കറിനെ നിയമിച്ചതിനെതിരെ കെ.മുരളീധരന്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു. മുല്ലപ്പള്ളിയ്‌ക്കെതിരെയും മുരളീധരന്‍ പരസ്യനിലപാട് വ്യക്തമാക്കുകയുണ്ടായി. ഈ സാഹചര്യത്തിലാണ് അച്ചടക്ക സമതി രൂപീകരിക്കുമെന്ന് മുല്ലപ്പള്ളി പറഞ്ഞിരിക്കുന്നത്. 

അതേ സമയം കെ.പി.സി.സിയുടെ ഭാരവാഹികളായി പ്രഖ്യാപിക്കപ്പെട്ടവരെല്ലാം ഇന്ന് ചുമതലയേറ്റു.

Tags: