ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി ദേശാഭിമാനി മുഖപ്രസംഗം

Glint Desk
Sat, 18-01-2020 11:14:50 AM ;

സംസ്ഥാന സര്‍ക്കാരിനെതിരെ തുടര്‍ച്ചയായി വിമര്‍ശിച്ച് രംഗത്തെത്തിയ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സി.പി.എം മുഖപത്രം ദേശാഭിമാനി. പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിന് ഗവര്‍ണറിന്റെ അനുവാദം വാങ്ങിയിരുന്നില്ല. ഇതിനെ സംബന്ധിച്ച് സര്‍ക്കാരിനോട് വിശദീകരണം തേടുമെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ദേശാഭിമാനിയുടെ വിമര്‍ശനം.

പദവിയുടെ വലിപ്പം തിരിച്ചറിയാത്ത വിധത്തിലുള്ള രാഷ്ട്രീയ പ്രസ്താവനകളാണ് ആരിഫ് മുഹമ്മദ് ഖാന്‍ നടത്തുന്നത്. സുപ്രീം കോടതിയില്‍ സ്യൂട്ട് ഹര്‍ജി നല്‍കാന്‍ ഗവര്‍ണറുടെ  അനുമതി വേണമെന്ന് എവിടെയും പറയുന്നില്ലെന്നും ഗവര്‍ണര്‍ വ്യക്തിപരമായുള്ള ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ചല്ല പ്രവര്‍ത്തിക്കേണ്ടതെന്നുമാണ് ദേശാഭിമാനിയില്‍ പറയുന്നത്.
എല്ലാ തീരുമാനങ്ങളും ഗവര്‍ണറെ അറിയിക്കണമെന്ന് ഭരണഘടനയില്‍ പറയുന്നില്ല. രാഷ്ട്രീയക്കാരന്റെ കുപ്പായം അഴിച്ച് വച്ച് സ്വതന്ത്രമായ ഗവര്‍ണര്‍ പദവിയിലേക്ക് അദ്ദേഹം മാറേണ്ടതുണ്ട്. ഗവര്‍ണര്‍ സ്ഥാനവും തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാതെ എല്ലാ തീരുമാനങ്ങളും താനാണ് എടുക്കേണ്ടത് എന്ന് അദ്ദേഹം തെറ്റിദ്ധരിച്ചിരിക്കുകയാണ് എന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

ബി.ജെ.പിയുടെ സംസ്ഥാന അദ്ധ്യക്ഷനെ പോലെയാണ് ഗവര്‍ണര്‍ പെരുമാറുന്നതെന്ന വിമര്‍ശനവുമായി സി.പി.എം നേതാക്കള്‍ രംഗത്ത് എത്തിയിരുന്നു.

 

Tags: