കൂടത്തായി മോഡല്‍ക്കൊല വീണ്ടും വെളിപ്പെടുത്തലുമായി ടോമിന്‍ ജെ തച്ചങ്കരി

Glint Desk
Thu, 16-01-2020 06:13:16 PM ;

Tomin J Thachankari

2017ല്‍ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയായ മുക്കം സ്വദേശി ബിര്‍ജുവിനെ പോലീസ് അറസ്റ്റ് ചെയ്തു. മരിച്ചത് മലപ്പുറം വണ്ടൂര്‍ സ്വദേശി ഇസ്മയിലാണെന്നും തിരിച്ചറിഞ്ഞു. ബിര്‍ജുവും ഇസ്മായേലും ചേര്‍ന്ന് നടത്തിയ ബിര്‍ജുവിന്റെ അമ്മയുടെ കൊലപാതകം പുറത്തറിയാതിരിക്കാനാണ് ഇസ്മയിലിനെ കൊലപ്പെടുത്തിയത്. ശാസ്ത്രീയമായ തെളിവുകളാണ് കേസിന്റെ ചുരുളഴിച്ചത്. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ടോമിന്‍ ജെ തച്ചങ്കരി കേസുമായി വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ്.

രണ്ട് വര്‍ഷം മുമ്പ് ജൂണിലാണ് കോഴിക്കോട് കൈതവളപ്പില്‍ നിന്നാണ് മൃതദേഹത്തിന്റെ ഒരു കൈ ലഭിച്ചത്. പിന്നീട് രണ്ട് ദിവസത്തിന് ശേഷം മറ്റൊരു കൈ കൂടി കിട്ടി. ജൂലായില്‍ മുക്കം അഗസ്ത്യമുഴിയില്‍ നിന്ന് ഉടല്‍ഭാഗവും ഓഗസ്റ്റ് ചാലിയത്ത് നിന്ന് തലയോട്ടിയും കണ്ടെടുത്തു. തലയോട്ടി ലഭിച്ചതിന് ശേഷം ഡി.എന്‍.എ ഉപയോഗിച്ച് ക്രൈംബ്രാഞ്ച് രൂപരേഖ തയ്യാറാക്കിയിരുന്നു. ഫിംഗര്‍ പ്രിന്റ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ നിരവധി കേസുകളിലെ പ്രതിയായ ഇസ്മയിലാണ് മരിച്ചത് എന്ന് കണ്ടെത്തി. മലപ്പുറം വണ്ടൂര്‍ സ്വദേശിയാണ് ഇസ്മയില്‍. ഇത് ഉറപ്പിക്കാനായി പോലീസ് ഇസ്മയിലിന്റെ മാതാവിന്റെ രക്തം മൂന്ന് തവണ ഡി.എന്‍.എ പരിശോധനയ്ക്ക് വിധേയമാക്കി. ഇതിലൂടെ ഇസ്മയില്‍ തന്നെയാണ് മരിച്ചത് എന്ന് പോലീസ് ഉറപ്പിക്കുകയായിരുന്നു. ഒടുവില്‍ ഇസ്മയില്‍ എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്നുള്ള അന്വേഷണമാണ് ബിര്‍ജുവിലേക്കെത്തിയത്. 

സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ മാതാവ് ജയവല്ലിയെ കൊല്ലാന്‍ ബിര്‍ജു ഇസ്മയിലിന് ക്വട്ടേഷന്‍ കൊടുക്കുന്നതില്‍ നിന്നാണ് സംഭവങ്ങളുടെ തുടക്കം. രണ്ട് പേരും കൂടിച്ചേര്‍ന്നാണ് ജയവല്ലിയെ കൊന്ന് കെട്ടിത്തൂക്കിയത്. ശേഷം പണം നല്‍കാന്‍ പറഞ്ഞ് ഇസ്മയില്‍ ബിര്‍ജുവിനെ ശല്ല്യം ചെയ്യാന്‍ തുടങ്ങി. ഇതാണ് ഇസ്മയിലിനെ കൊലപ്പെടുത്തുന്നതിലേക്ക് ബിര്‍ജുവിനെ നയിച്ചത്. 

മദ്യം നല്‍കി ബോധം കെടുത്തി കഴുത്ത് മുറുക്കി കൊന്നതിന് ശേഷം സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച് ശരീരം പല കഷ്ണങ്ങളാക്കി മൂന്ന് ചാക്കുകളിലാക്കി ബൈക്കില്‍ കൊണ്ടുപോയി പലയിടത്തായി നിക്ഷേപിച്ചു. 

ഇസ്മയിലിനെ കൊല്ലാന്‍ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.

 

Tags: