മകരവിളക്കിനൊരുങ്ങി സന്നിധാനം

Glint Desk
Tue, 14-01-2020 12:02:34 PM ;

Sabarimala

നാളെ ശബരിമലയില്‍ മകരവിളക്ക്. മകരവിളക്കിന്റെ ഒരുക്കങ്ങളുടെ അവസാനഘട്ടത്തിലാണ് സന്നിധാനം. പമ്പാസദ്യയും പമ്പാവിളക്കും ഇന്ന് വൈകിട്ട് നടക്കും. നാളെ പുലര്‍ച്ചെ 2.09നാണ് മകരസംക്രമ പൂജ നടക്കുക. അതിനാല്‍ ഇന്ന് വൈകിട്ട് നട തുറന്നാല്‍ രാത്രി ശബരിമല നട അടയ്ക്കില്ല.

ശബരിമലയില്‍ ശുദ്ധിക്രയകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. തിങ്കളാഴ്ച വൈകിട്ട് മുതല്‍ ശുദ്ധിക്രിയകള്‍ക്ക് ആരംഭം കുറിച്ചിരുന്നു. നെയ്യഭിഷേകം രാവിലെ 10 മുതല്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. മകരവിളക്കിന് ശേഷം മാത്രമേ നെയ്യഭിഷേകമുള്ളു. ബിംബ ശുദ്ധിക്രിയകളും കലശവും കഴിയുന്നതോടെ സന്നിധാനത്തെ പ്രധാന ചടങ്ങുകള്‍ കഴിയും. ഉച്ചക്ക് നടക്കുന്ന പമ്പാസദ്യക്ക് ശേഷം പമ്പവിളക്ക് വൈകിട്ടോടെ നടക്കും. ഇന്ന് വൈകിട്ടോടെ ളാഹയിലെ വനംവകുപ്പിന്റെ സത്രത്തിലേക്ക് തിരുവാഭരണ യാത്രയെത്തും. മകരപൂജയ്ക്ക് മുമ്പ് തന്നെ തിരുവാഭരണം സന്നിധാനത്ത് എത്തിക്കും.

അതേ സമയം കഴിഞ്ഞ രണ്ട് ദിവസമായിസന്നിധാനത്ത് വന്‍ ഭക്തജനത്തിരക്ക് ആണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇതില്‍ കൂടുതലും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരാണ്.  മകരപൂജകള്‍ക്ക് ശേഷം അടക്കുന്ന നട പുലര്‍ച്ചെ നാലിന് വീണ്ടും തുറക്കും. 

ഉത്തരായനത്തില്‍ നിന്ന് ദക്ഷിണായനത്തിലേക്ക് സൂര്യന്‍ കടക്കുന്ന സമയമാണ് മകരസംക്രമ പൂജ നടക്കുന്നത്.

 

Tags: