പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

Glint Desk
Tue, 14-01-2020 11:08:22 AM ;

പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച് സംസ്ഥാന സര്‍ക്കാ ര്‍. പൗരത്വ ഭേദഗതിക്കെതിരെ  സുപ്രീംകോടതിയില്‍ ഹര്‍ജി കൊടുക്കുന്ന ആദ്യത്തെ സംസ്ഥാനമാണ് കേരളം. നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ഭരണഘടനയുടെ 132-ാം അനുച്ഛേദ പ്രകാരമുള്ള സൂട്ട് ഹര്‍ജി നല്‍കി. ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് നിയമമെന്നും ഇത് വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. 

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ആദ്യം മുതലെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനെതിരെ കേരള നിയമസഭയില്‍ പ്രമേയവും പാസാക്കിയിരുന്നു.  പിബി യോഗത്തിനായി കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രി ഡല്‍ഹിയില്‍ എത്തിയപ്പോള്‍ നിയമ വിദഗ്ദരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. ഇതിന് ശേഷമാണ് സൂട്ട് ഹര്‍ജി ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചത്. ജനുവരി 23 ന് പൗരത്വ ഭേദഗതി നിയമത്തിന് എതിരായ ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കുന്നുണ്ട് ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇതിനെതിരെ സൂട്ട് ഹര്‍ജി ഫയല്‍ ചെയ്തത്. 

സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. സുപ്രീം കോടതിയിലെ സംസ്ഥാനത്തിന്റെ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ ജി പ്രകാശ് മുഖേനയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

 

Tags: