ശബരിമല പുനപരിശോധന ഹര്‍ജി: നിര്‍ണ്ണായക വാദങ്ങള്‍ക്ക് ഇന്ന് ആരംഭം

Glint Desk
Mon, 13-01-2020 10:43:55 AM ;

Sabarimala

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹര്‍ജികളില്‍ സുപ്രീംകോടതിയുടെ 9അംഗ ഭരണാഘടന ബഞ്ചിലെ വാദം ഇന്ന് തുടങ്ങും. ഇതുമായി ബന്ധപ്പെട്ട് ആരുടെയെല്ലാം വാദം കേള്‍ക്കണമെന്നതില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കും.

രാവിലെ 10.30 നാണ് കേസില്‍ സുപ്രീം കോടതി വാദം കേള്‍ക്കുന്നത്. ഏഴ് വിഷയങ്ങളാണ്  ഭരണഘടനാ ബെഞ്ച് പ്രധാനമായും പരിശോധനയ്ക്കുക. വാദം എത്ര ദിവസം നീണ്ടു നില്‍ക്കുമെന്നോ തുടര്‍ച്ചയായി വാദം കേള്‍ക്കുമോയെന്ന കാര്യത്തിലും വ്യക്തതയില്ല.

ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അദ്ധ്യക്ഷനായ വിശാല ബഞ്ചാണ് വാദം കേള്‍ക്കുന്നത്. 9 പേര്‍ അടങ്ങുന്ന വിശാല ബഞ്ചില്‍ ജസ്റ്റിസ് ആര്‍ ഭാനുമതി മാത്രമാണ് ഏക വനിതാംഗം. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എല്‍ നാഗേശ്വര റാവൂ, മോഹന്‍ എം ശാന്തനഗൗഡര്‍, അബ്ദുള്‍ നസീര്‍, സുഭാഷ് റെഡ്ഡി, ബി ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരാണ് മറ്റംഗങ്ങള്‍. 

ചരിത്രവിധിയില്‍ എതിര്‍ വിധി എഴുതിയ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അടക്കം ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച് ഭൂരിപക്ഷവിധി പുറപ്പെടുവിച്ച ബഞ്ചിലെ അംഗങ്ങള്‍  ആരും തന്നെയും പുതിയ ബഞ്ചില്‍ ഇല്ല.അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് പുറമെ ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഢ്, റോഹിന്‍ടണ്‍ നരിമാന്‍, ഇന്ദുമല്‍ഹോത്ര എന്നിവരാണ് ശബരിമല യുവതി പ്രവേശന ഹര്‍ജികള്‍ പരിഗണിച്ച 5അംഗ ബഞ്ചില്‍ ഉണ്ടായിരുന്നത്. ഇതില്‍ ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര ഒഴികെ നാല് പേരും ശബരിമലയില്‍ യുവതി പ്രവേശനം ആകാമെന്നും ആരാധനയ്ക്ക് എല്ലാവര്‍ക്കും തുല്ല്യ അവകാശമാണെന്നും വിധിച്ചു.

2018 സെപ്റ്റംബര്‍ 28 നായിരുന്നു ഈ ചരിത്രവിധി.

 

 

Tags: