കേരളത്തില്‍ പബ്ബുകള്‍ക്ക് പിന്നാലെ നൈറ്റ്‌ലൈഫ് കേന്ദ്രങ്ങളും: അഭിപ്രായം വ്യക്തമാക്കി മുഖ്യമന്ത്രി

Glint Desk
Sun, 12-01-2020 03:18:35 PM ;

Night life

കേരളത്തിലും പബ്ബുകള്‍ വരുന്നു എന്ന വാര്‍ത്ത കുറച്ച് നാളുകള്‍ക്ക് മുമ്പ് വന്നിരുന്നു. പുതിയ വിവരങ്ങള്‍ ശരിയാണെങ്കില്‍ പബ്ബുകള്‍ക്ക് പുറമേ കേരളത്തില്‍ നൈറ്റ് ലൈഫ് കേന്ദ്രങ്ങളും വരുന്നു. പ്രതിവാര ടെലിവിഷന്‍ സംവാദ പരിപാടിയായ നാം മുന്നോട്ടിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സുരക്ഷിതമായ രാത്രി ഉല്ലാസ കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ കളക്ടര്‍മാര്‍ ശ്രമം തുടങ്ങിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

ഐടി മേഖലയില്‍ രാത്രി വൈകുവോളം ജോലി ചെയ്യുന്നവര്‍ക്ക് വിനോദത്തിനും ഉല്ലാസത്തിനുമുള്ള സൗകര്യം കേരളത്തില്‍ ഇല്ലെന്ന് ആക്ഷേപം നിലനിന്നിരുന്നു. കേരളത്തിലെ ഐടി മേഖലയില്‍ ജോലി ചെയ്യാന്‍ പുതിയ തലമുറ മടിക്കുന്നതിന്റെ പ്രധാന കാരണം ഇതാണെന്നും പരാതിയുണ്ടായിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് സംസ്ഥാനത്ത് രാത്രി ഉല്ലാസ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഹോട്ടലുകള്‍ റെസ്‌റ്റേറന്റുകള്‍ എന്നിവയടക്കം നല്ല വെളിച്ചമുള്ള അന്തരീക്ഷമടങ്ങിയ സുരക്ഷിതകേന്ദ്രങ്ങള്‍ കേരളത്തില്‍ ഒരുക്കും.

മുമ്പും നാം മുന്നോട്ട് എന്ന പരിപാടിയില്‍ സംസാരിക്കവേ ആയിരുന്നു സംസ്ഥാനത്ത് പബ്ബുകള്‍ തുടങ്ങും എന്ന കാര്യം മുഖ്യമന്ത്രി പറഞ്ഞത്. ഐടി വിനോദ സഞ്ചാര മേഖലയുടെ ആവശ്യം പരിഗണിച്ചാണ് ഇങ്ങനെയൊരു തീരുമാനം എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങള്‍ ഉണ്ടായിരുന്നു. 

ഇതോടൊപ്പം അടുത്ത മദ്യനയത്തില്‍ ഡ്രൈ ഡേ ഒഴിവാക്കുമെന്ന പ്രഖ്യാപനമുണ്ടാകും എന്ന സൂചനയും നിലവിലുണ്ട്. 

 

Tags: