മരട് ; ഏഴ് ഉടമസ്ഥര്‍ക്ക് കൂടി നഷ്ട പരിഹാരത്തിന് ശുപാര്‍ശ

Glint Desk
Tue, 05-11-2019 05:22:03 PM ;

marad flat

മരടിലെ ഏഴ് ഫ്‌ളാറ്റ് ഉടമസ്ഥര്‍ക്ക് കൂടി  നഷ്ട പരിഹാരം നല്‍കാന്‍ ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റിയുടെ ശുപാര്‍ശ.സര്‍ക്കാരിന്റെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് അടക്കമുള്ള ഏഴ് പേര്‍ക്കാണ് 25 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് ശുപാര്‍ശയായത്. ഇതോടെ ആകെ 227  ഫ്‌ളാറ്റ് ഉടമസ്ഥര്‍ക്ക് നഷ്ട പരിഹാരം നല്‍കാനുള്ള നടപടിക്രമങ്ങളായി. 

 ചലച്ചിത്ര പ്രവര്‍ത്തകരായ ബ്ലസ്സി, അമല്‍ നീരദ്, ജോമോന്‍ ടി ജോണ്‍ അടക്കമുള്ള 24 പേര്‍ക്ക് ഈ മാസം രണ്ടാം തീയതി 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സമിതി സര്‍ക്കാരിന് ശുപാര്‍ശ ചെയ്തിരുന്നു. അതേസമയം ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കിയിരിക്കുകയാണ് അധികൃതര്‍. ഫ്‌ളാറ്റ് സമുച്ചയങ്ങളിലെ പാര്‍ക്കിംഗ് ഏരിയകള്‍ പൊളിച്ച് നീക്കിത്തുടങ്ങി.നിയന്ത്രിത സ്‌ഫോടനത്തിലൂടെയാണ് പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. മുംബൈ ആസ്ഥാനമായ എഡിഫസ് കമ്പനിയാണ് ജയിന്‍ കോറല്‍കവ് ഫ്‌ളാറ്റ് സമുച്ചയം പൊളിക്കാനുള്ള നടപടികള്‍ തുടങ്ങിയത്.കൂടാതെ ഹോളിഫെയ്ത്ത്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്‌ളാറ്റ്‌സമുച്ചയങ്ങളും പൊളിക്കാനുള്ള ചുമതല എഡിഫസ് കമ്പനിക്കാണ്. ചെന്നൈ കേന്ദ്രമായ വിജയ് സ്റ്റീലാണ് ആല്‍ഫ സെറിനിലെ ഇരട്ട ടവറുകള്‍ പൊളിക്കുക. സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കാനായി ദ്വാരങ്ങളിടുന്ന ജോലിയും ഉടന്‍ ആരംഭിക്കും.ഫ്‌ളാറ്റുകളിലെ വാതിലുകളും ജനലുകളും നീക്കം ചെയ്യുന്ന നടപടികള്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. 

 മരട് കേസില്‍ അറസ്റ്റിലായ ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ പോള്‍രാജ്, സാനി ഫ്രന്‍സിസ്, മുന്‍ മരട് പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്‌റഫ്, പി.ഇ ജോസഫ് എന്നിവരുടെ റിമാന്റ് കാലവധി മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഈ മാസം 19 വരെ നീട്ടിയിട്ടുണ്ട്. 

 

 

 

 

 

Tags: