കൊച്ചിയിലെ വെള്ളക്കെട്ട് ; പ്രത്യേക ദൗത്യ സംഘം രൂപീകരിക്കാന്‍ ഹൈക്കോടതി

Glint Desk
Wed, 23-10-2019 03:49:41 PM ;
KOCHI

highcourt-waterlogging

 

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍  ജില്ലാ കളക്ടര്‍ എസ്.സുഹാസിനെ കണ്‍വീനറാക്കി ദൗത്യ സംഘം രൂപീകരിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ജില്ലാ കളക്ടര്‍ രംഗത്തിറങ്ങിയില്ലായിരുന്നെങ്കില്‍  കൊച്ചിയുടെ സ്ഥിതി എന്താകുമെന്ന് കോര്‍പ്പറേഷന്‍ ആലോചിച്ചിട്ടുണ്ടോ എന്ന് കോടതി ചോദിച്ചു. നഗരത്തിലുണ്ടായ വെള്ളക്കെട്ട് കോര്‍പ്പറേഷന്റെ പിടിപ്പുക്കേടാണെന്ന രൂക്ഷ വിമര്‍ശനമാണ് കോടതി നടത്തിയത്. 

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് നഗരസഭയ്‌ക്കെതിരെ ഇന്ന് വിമര്‍ശനം നടത്തിയത്. വേലിയേറ്റമാണ് വെള്ളക്കെട്ടിന് കാരണമെന്ന കോര്‍പ്പറേഷന്‍ വാദത്തെയും സിംഗിള്‍ ബഞ്ച് തള്ളി. വെള്ളക്കെട്ട് ഉണ്ടാകുമ്പോള്‍ ദുരന്ത നിവാരണ അധികാരങ്ങള്‍ നഗരസഭ ഉപയോഗിക്കണമെന്നും വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി പരിഹാരം കാണണമെന്നും പറഞ്ഞ കോടതി അന്നത്തെ ദിവസം ഇത്തരം നടപടികളൊന്നും നഗരസഭയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി.  ഓടകളിലെ ചെളിനീക്കാന്‍ ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ നടപ്പാക്കിയപ്പോള്‍ നാല് മണിക്കൂര്‍ കൊണ്ട് പ്രശനം പരിഹരിച്ചത് നിങ്ങള്‍ കണ്ടോ എന്നും കോടതി നഗരസഭയോട് ചോദിച്ചു. ഇതിന് മുന്നിട്ടിറങ്ങിയ കളക്ടര്‍, പോലീസ്, ഫയര്‍ഫോഴ്‌സ് അചടക്കമുള്ള ഉദ്യോഗസ്ഥരെയും അഭിനന്ദിക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. 

 കോര്‍പ്പേറേഷന് കൃത്യമായ മഴമാപ്പ് പോലും ഇല്ലെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു.തങ്ങള്‍ക്ക് ഒറ്റയക്ക് കാര്യങ്ങള്‍ നിയന്ത്രിക്കാനാകില്ലായെന്ന എന്ന മറുപടിയാണ് കോടതിക്ക് കൊച്ചി കോര്‍പ്പറേഷന്‍ നല്‍കിയത്. ഈ സാഹചര്യത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഒരു ദൗത്യ സംഘം രൂപീകരിക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. സമിതിയില്‍ തദ്ദേശ സ്വയഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ അംഗങ്ങളാകണം. പത്ത് ദിവസത്തിനകം ഇത് സംബന്ധിച്ച് ഉത്തരവിറക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശവും നല്‍കി. 

 

Tags: