നിയമസഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം;ഷാഫി പറമ്പിലിനെയടക്കമുള്ളവരെ മര്‍ദ്ദിച്ചതില്‍ സഭയില്‍ പ്രതിഷേധം ശക്തം

Glint Desk
Wed, 20-11-2019 11:39:22 AM ;

shafiparambil കെ.എസ്.യു മാര്‍ച്ചിനിടെ ഷാഫി പറമ്പില്‍ എം.എല്‍.എ ഉള്‍പ്പടെയുള്ളവര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ നിയമസഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം.ഇതോടെ സഭാ നടപടികള്‍ നിര്‍ത്തിവെച്ച് സ്പീക്കര്‍ ഇറങ്ങിപ്പോയി. ഷാഫി പറമ്പില്‍ എം.എല്‍.എക്ക് മര്‍ദ്ദനമേറ്റതടക്കമുള്ള സംഭവങ്ങള്‍ ആഭ്യന്തര സെക്രട്ടറി അന്വേഷിക്കുമെന്ന് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു

ഷാഫിയുടെ രക്തം പുരണ്ട വസ്ത്രവുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്.ചോദ്യോത്തരവേള റദ്ദാക്കി അടിയന്തര പ്രമേയം പരിഗണിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പിണറായിയുടെ പൊലീസും മോദിയുടെ പൊലീസും ഒരുപോലെയാണെന്നു അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ വി.ടി ബല്‍റാം പറഞ്ഞു. അതിക്രൂരമായ മര്‍ദനമാണ് നടന്നതെന്നും മന്ത്രി പറഞ്ഞത് പൊലീസ് ഭാഷ്യമാണെന്നും വി.ടി. ബല്‍റാം എംഎല്‍എ തുറന്നടിച്ചു. ആവശ്യം സ്പീക്കര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്‌കരിച്ചു.

കേരള യൂണിവേഴ്‌സിറ്റിയിലെ മാര്‍ക്ക് തട്ടിപ്പും വാളയാര്‍ വിഷയവും ഉന്നയിച്ച് കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചാണ് അക്രമാസക്തമായത്.
ഇന്ന് കോണ്‍ഗ്രസിന്റെ നേതൃത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്ന് കെ.പി.സി.സി.പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. ഷാഫിക്ക് പറമ്പിലിന് തലയില്‍ രണ്ട് തുന്നലുണ്ട്. തലയില്‍ സാരമായ പരിക്കേറ്റ അഭിജിതിനെ സ്‌കാനിങിന് വിധേയമാക്കിയിരുന്നു.

 

Tags: