കൂടത്തായി തുടർ മരണം : ജോളിയും രണ്ടാം ഭർത്താവും ഉൾപ്പെടെ മൂന്നുപേരെ ചോദ്യം ചെയ്തു

glint desk
Sat, 05-10-2019 01:35:49 PM ;
kozhikode
 
 
കോഴിക്കോട്:താമരശ്ശേരിയ്ക്ക് അടുത്ത് കൂടത്തായിയില്‍ ഒരേ കുടുംബത്തിലെ ആറ് പേര്‍ 14 വര്‍ഷത്തെ ഇടവേളകളിലായി മരിച്ച കേസില്‍   മൂന്നുപേരെ ചോദ്യം ചെയ്തു. ഗൃഹനാഥന്‍ റോയ് തോമസിന്റെ മരുമകളായിരുന്ന ജോളി രണ്ടാം ഭര്‍ത്താവ് ഷാജു സ്‌കറിയ ഇവര്‍ക്ക് സയനൈഡ് എത്തിച്ചു നല്‍കിയ ജ്വല്ലറി ജീവനക്കാരന്‍ മാത്യു എന്നിവരെയാണ്  പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ എല്ലാവരെയും പലയിടങ്ങളിലായി തെളിവെടുപ്പ് നടത്തിയ പൊലീസ് ഇപ്പോള്‍ വടകരയിലെ റൂറല്‍ എസ്പി ഓഫീസിലെത്തിച്ച് ജോളിയെ ചോദ്യം ചെയ്യുകയാണ്.
 
അതേസമയം, ആറ് കൊലപാതകങ്ങള്‍ മാത്രമല്ല, ഏഴാമതൊരു കൊലപാതകത്തിന് കൂടി ശ്രമിച്ചിരുന്നുവെന്നാണ് ജോളി പൊലീസിന് ഇപ്പോള്‍ മൊഴി നല്‍കിയിരിക്കുന്നത്. മുന്‍ ഭര്‍ത്താവ് റോയ് തോമസിന്റെ സഹോദരി റെന്‍ജിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ ആ പദ്ധതി പാളിപ്പോയി എന്നാണ് ജോളി മൊഴി നല്‍കിയിരിക്കുന്നത്.
 
കൂടത്തായിയിലെ വീട്ടില്‍ നിന്നാണ് ജോളിയെ കസ്റ്റഡിയിലെടുത്തത്. തെളിവെടുപ്പിന് കൊണ്ടുപോയ ഓരോ ഇടത്തും ജോളി വിങ്ങിപ്പൊട്ടുന്നത് കാണാമായിരുന്നു. ഇന്നലെ വീട്ടിലെത്തിയ ബന്ധുവിനോട് തനിയ്ക്ക് തെറ്റ് പറ്റിയെന്ന് കരഞ്ഞുകൊണ്ട് ജോളി സമ്മതിച്ചെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇതോടെ, ജോളിയെ കസ്റ്റഡിയിലെടുക്കാതെ, വീട്ടിലെത്തി വിശദമായ മൊഴിയെടുത്ത്, പിന്നീട് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ തന്നെയെത്തി ചോദ്യം ചെയ്ത ശേഷമാണ് രാവിലെ കസ്റ്റഡിയിലെടുക്കുകയും, പിന്നീട് തെളിവെടുപ്പിന് കൊണ്ടുപോവുകയും ചെയ്തത്.കൊലപാതകങ്ങളെല്ലാം താന്‍ മാത്രമാണ് ചെയ്തതെന്നാണ്  ജോളി പൊലീസിനോട് പറയുന്നത്. തന്റെ ഇപ്പോഴത്തെ ഭര്‍ത്താവായ ഷാജു സ്‌കറിയയ്ക്ക് ഇതില്‍ പങ്കില്ലെന്ന് ജോളി ആവര്‍ത്തിക്കുന്നു. ജോളിയുടെ ഭര്‍തൃപിതാവ് ടോം തോമസിന്റെ സഹോദരന്റെ മകനാണ് ഷാജു സ്‌കറിയ. ഇയാളുടെ ഭാര്യ സിലിയും പത്ത് മാസം പ്രായമുള്ള കുഞ്ഞും വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചിരുന്നു.
 
 
 
 
 
ReplyForward

Tags: