പിറവം പള്ളി കലക്ടര്‍ ഏറ്റെടുത്തു; വൈദികര്‍ അറസ്റ്റ് വരിച്ചു

Thu, 26-09-2019 03:55:15 PM ;
Kochi

ഓര്‍ത്തഡോക്‌സ് യാക്കോബായ തര്‍ക്കം നിലനില്‍ക്കുന്ന പിറവം പള്ളിയുടെ നിയന്ത്രണംഎറണാകുളം ജില്ലാ കലക്ടര്‍ എസ്. സുഹാസ് ഏറ്റെടുത്തു. ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. തുടര്‍ നടപടികള്‍ നിയമവിദഗ്ധരുമായി ആലോചിച്ച ശേഷം സ്വീകരിക്കുമെന്ന് അദ്ദേഹം അറയിച്ചു.

പള്ളിക്കുള്ളില്‍ പ്രതിഷേധവുമായി ഉണ്ടായിരുന്ന മെത്രാപ്പൊലീത്തമാര്‍ അറസ്റ്റു വരിച്ചു. കനത്ത പ്രതിഷേധം മറികടന്ന് പള്ളിയില്‍ പ്രവേശിച്ച പോലീസ്, പ്രതിഷേധമുയര്‍്ത്തിയ വൈദികരെയും വിശ്വാസികളെയും അറസ്റ്റ് ചെയ്തു നീക്കി. ജില്ലാകലക്ടര്‍ നടത്തിയ ചര്‍ച്ചയ്ക്കു ശേഷമായിരുന്നു നടപടി.

ആരാധന നടത്താനുള്ള ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളുടെ ശ്രമം തടഞ്ഞ യാക്കോബായ സഭാംഗങ്ങളെ അറസ്റ്റ് ചെയ്തു നീക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇന്ന് ഒന്നേ മുക്കാലിനു മുന്‍പ് നടപടി ക്രമങ്ങള്‍ അറിയിക്കണമെന്നും കോടതി പറഞ്ഞിരുന്നു. പോലീസിനെ പള്ളിക്കുള്ളില്‍ കടക്കാന്‍ അനുവദിക്കാതെ കനത്ത പ്രതിഷേധമാണ് യാക്കോബായ വിഭാഗക്കാര്‍ ഉയര്‍ത്തിയത്. ഇതിനെ മറികടന്ന് പള്ളിയുടെ ഗേറ്റ് മുറിച്ചുമാറ്റിയാണ് പൊലീസ് പള്ളിമുറ്റത്തു കടന്നത്.

ആരാധന നടത്താനുള്ള ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളുടെ ശ്രമം യാക്കോബായ വിശ്വാസികള്‍ തടഞ്ഞതു സംഘര്‍ഷത്തിനിടയാക്കിയിരുന്നു. പള്ളിയുടെ പ്രധാന ഗേറ്റ് യാക്കോബായ സഭാംഗങ്ങള്‍ താഴിട്ടു പൂട്ടി പള്ളിക്കകത്തു പ്രാര്‍ഥനാ യജ്ഞം നടത്തിയതോടെ പള്ളിയുടെ ഗേറ്റിനു മുന്നില്‍ പന്തല്‍ കെട്ടി ഓര്‍ത്തഡോക്‌സ് സഭാംഗങ്ങള്‍ പ്രാര്‍ഥന നടത്തി. പള്ളിയില്‍നിന്ന് ഇറങ്ങിപ്പോകാന്‍ തയ്യാറല്ലെന്നും അറസ്റ്റ് വരിച്ചുകൊള്ളാമെന്നും മെത്രാപ്പൊലീത്തമാര്‍ പറഞ്ഞിരുന്നു

Tags: