സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ച കേസ്: ഒരു പ്രതിയെപ്പോലും പിടിക്കാതെ പോലീസ്

Glint Staff
Thu, 28-03-2019 04:07:12 PM ;
Thiruvananthapuram

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ച കേസില്‍ ഇതുവരെയായും പ്രതികളെ പിടിക്കാതെ പോലീസ്. സംഭവം നടന്നിട്ട് അഞ്ചമാസം കഴിയുമ്പോഴും കേസില്‍ ഒരു പ്രതിയെ പോലും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. കേസന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണെന്നാണ് പോലീസ് പറയുന്നത്.

 

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 27 നാണ് സന്ദീപാനന്ദ ഗിരിയുടെ തിരുവന്തപുരത്തെ വലിയവിളയില്‍ സ്ഥിതിചെയ്യുന്ന സാളഗ്രാമം ആശ്രത്തിന് നേരെ ആക്രമണമുണ്ടായത്. ആശ്രമത്തില്‍ അതിക്രമിച്ച് കയറിയ അക്രമികള്‍ കാര്‍പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിയിരുന്ന സന്ദീപാന്ദ ഗിരിയുടെ ഹോണ്ട സി.ആര്‍.വി കാറും, ഒരു ഓമ്‌നി വാനും, ഒരു ആക്ടീവ സ്‌കൂട്ടറും കത്തിക്കുകയായിരുന്നു. അതിരാവിലെയായിരുന്നു സംഭവം. സന്ദീപാനന്ദ ഗിരിയുടെ പഴയ പേരായ പി.കെ ഷിബു എന്ന പേരില്‍ റീത്തും വച്ചിട്ടാണ് അക്രമികള്‍ കടന്നത്.

 

ശബരിമല യുവതീ പ്രവേശന വിധിയെ അനുകൂലിച്ചതിലുള്ള ബി.ജെ.പിയുടെയും ആര്‍.എസ്.എസ്സിന്റെയും വിരോധമാണ് അക്രമത്തിന് പിന്നില്‍ എന്നാണ് സന്ദീപാന്ദഗിരി പറഞ്ഞത്. പോലീസ് നല്‍കിയ മൊഴിയിലും ഇക്കാര്യം വ്യക്തമാക്കുന്നു. സംഭവസ്ഥലം സന്ദര്‍ശിച്ച മുഖ്യമന്ത്രിയും അക്രമത്തിന് പിന്നില്‍ സംഘപരിവാര്‍ സംഘടനകളാണെന്ന് പറഞ്ഞിന്നു. ഒപ്പം ഇത് വധശ്രമമാണെന്നും മുഖ്യമന്ത്രി അഭിപ്രയാപ്പെട്ടു.

 

എന്നാല്‍ സംഭവം സി.പി.എമ്മിന്റെ നാടകമാണെന്നും ശബരിമല സമരത്തെ ഇല്ലാതാക്കാനുള്ള നീക്കമാണെന്നുമായിരുന്നു ബി.ജ.പിയുടെ പ്രതികരണം. മുഖ്യധാരാ മധമങ്ങളില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചയായി മാറിയ ഈ കേസിലാണ് ഇതുവരെയായും പ്രതികളെ പിടികൂടാന്‍ പോലീസിനാവാത്തത്.

 

 

Tags: