പമ്പയിലേക്ക് പോയ മാധ്യമ വിദ്യാര്‍ത്ഥിനികളെ നിലയ്ക്കലില്‍ തടഞ്ഞു

Glint Staff
Tue, 16-10-2018 01:03:19 PM ;
Pathanamthitta

nilakkal-protest

പമ്പയിലേക്ക് പോയ രണ്ട് മാധ്യമ വിദ്യാര്‍ത്ഥിനികളെ നിലയ്ക്കലില്‍ സ്ത്രീകളുള്‍പ്പെടുന്ന വിശ്വാസിസംഘം തടഞ്ഞു. കോട്ടയത്തു നിന്നും പമ്പയിലേക്ക് സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസിലാണ് വിദ്യാര്‍ത്ഥിനികള്‍ വന്നത്. ബസ് നിലയ്ക്കലില്‍ എത്തിയപ്പോള്‍ അതില്‍ യുവതികളുണ്ടെന്ന് അറിഞ്ഞ സംഘം അവരെ തടയുകയും ബസില്‍ നിന്ന് ഇറക്കിവിടുകയുമായിരുന്നു. രാവിലെ 11 മണിയോടെയാണ് സംഭവമുണ്ടായത്.

 

കഴിഞ്ഞ എട്ട്  ദിവസമായി നിരവധി സ്ത്രീകളുള്‍പ്പെടുന്ന വിശ്വാസികളുടെ സംഘം നിലയ്ക്കലില്‍ പ്രതിഷേധം നടത്തി വരികയാണ്. തുലാ മാസ പൂജയ്ക്കായി ശബരിമല നട നാളെ തുറക്കാനിരിക്കെ യുവതികള്‍ സന്നിധാനത്തേക്ക് എത്തുമെന്ന സൂചനയുള്ളതിനാല്‍, അതുവഴി വരുന്ന എല്ലാ വാഹനങ്ങളും പരിശോധിച്ച് പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് ഇവര്‍ കടത്തി വിടുന്നത്.

 

പന്തളത്തുനിന്നാരംഭിച്ച നാമജപ ഘോഷയാത്രയുടെ ഭാഗമായുള്ള ബൈക്ക് റാലി ഉച്ചയ്ക്ക് മുന്‍പ് നിലയ്ക്കലിലെത്തും. കൂടുതല്‍ ഹിന്ദു സംഘടകളും  നിലയ്ക്കയിലെ സമരത്തില്‍ പങ്കുചേരുമെന്നാണ് അറിയിച്ചിട്ടുള്ളത്.

 

ശബരിമലയിലേക്ക് പോകുന്നവരെ തടഞ്ഞാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും ബേസ് ക്യാമ്പായ നിലയ്ക്കലില്‍ പോലും വേണ്ടത്ര ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടില്ല.

 

Tags: