സംസ്ഥാനത്ത് പനി മരണം 10 ആയി; നിപ്പാ വൈറസ് സ്ഥിരീകരിച്ചത് മൂന്ന് പേരില്‍

Glint Staff
Mon, 21-05-2018 12:42:04 PM ;
Kozhikode

nipah-virus

നിപ്പാ വൈറസ് ബാധിച്ച് കോഴിക്കോട് ജില്ലയില്‍ മരിച്ചവര്‍ മൂന്നെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ സ്ഥിരീകരിച്ചു. മൂന്ന് പേരും ചങ്ങരോത്ത് ഗ്രാമത്തിലെ ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. ഈ കുടുംബവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട സ്ത്രീക്ക്പനി ലക്ഷണങ്ങള്‍ കണ്ടെങ്കിലും നിപ്പാ വൈറസ് ബാധയല്ലെന്ന് കണ്ടെത്തി.

 

അതിനിടെ നിപ്പാ വൈറസ് ബാധിച്ച് മരിച്ച രോഗിയെ ശുശ്രൂഷിച്ചിരുന്ന നഴ്‌സും മരണപ്പെട്ടു. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ലിനിയാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചവരുടെയെണ്ണം പത്തായി. മരിച്ച ലിനിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തില്ല. അടുത്ത ബന്ധുക്കളെ കാണാന്‍ അനുവദിച്ചശേഷം രാത്രി തന്നെ വൈദ്യുത ശ്മശാനത്തില്‍ സംസ്‌കരിക്കുകയായിരുന്നു. വൈറസ് പടരുന്നത് തടയാനാണ് ആരോഗ്യവകുപ്പിന്റെ നടപടി.

 

കോഴിക്കോട് പനിമരണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ പഠിക്കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു. വൈറല്‍പനി സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കുന്നതിനായി സംസ്ഥാനതലത്തില്‍ കണ്‍ട്രോള്‍ റൂം തുടങ്ങിയിട്ടുണ്ട്. 0495 2376063 എന്നാണ്  നമ്പര്‍.

 

ഇന്ന് കേന്ദ്ര സംഘവും ആരോഗ്യമന്ത്രി കെ കെ ശൈലജയും പേരാമ്പ്ര ഉള്‍പ്പെടെയുളള പനിബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. അവധിയിലുള്ള സര്‍ക്കാര്‍ ഡോക്ടര്‍മാരോട് ജോലിയില്‍ പ്രവേശിക്കാന്‍ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു. സ്വകാര്യ ആശുപത്രികളോടും അതീവ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി.

 

Tags: