pic credit- first post
കണ്ണൂരില്‍ സബ് ജയിലില്‍ ഷുഹൈബ് വധക്കേസിലെ പ്രതികള്‍ക്ക് വഴിവിട്ട സഹായം നല്‍കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. കൂത്തുപറമ്പ് സ്വദേശിയായ യുവതിയുമായി പ്രതി ആകാശ് തില്ലങ്കേരിക്ക് പകല്‍ സമയം മുഴുവന്‍ കൂടിക്കാഴ്ചയ്ക്ക് അവസരം നല്‍കിയെന്നും കെ.സുധാകരന്‍ ആരോപിച്ചു.
ഷുഹൈബ് വധക്കേസിലെ പ്രതികളെ പാര്‍പ്പിച്ചിട്ടുള്ള സെല്‍ പൂട്ടാറില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച പരാതി ഡിജിപിക്ക് നല്‍കിയതായും സുധാകരന്‍ അറിയിച്ചു. യുവതിയ്ക്ക് കൂടിക്കാഴ്ചയ്ക്ക് മൂന്നു ദിവസങ്ങളില്‍ പലതവണയായി അവസരം നല്‍കി. ആകാശ് തില്ലങ്കേരിയടക്കമുള്ളവര്‍ക്ക് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നും സുധാകരന്‍ പറഞ്ഞു.
കേസില്‍ അറസ്റ്റിലായ ആകാശ് അടക്കമുള്ള പ്രതികള്‍ കണ്ണൂര്‍ സ്‌പെഷല്‍ സബ് ജയിലിലാണ് കഴിയുന്നത്. ഇവര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് വ്യക്തമായതോടെ സിപിഎം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിട്ടും അധികാരത്തിന്റെ എല്ലാ തണലിലുമാണ് പ്രതികള്‍ ജയിലില്‍ കഴിയുന്നത്.