മദ്യത്തിന് വില കൂടും: ഇനി ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി വിദേശ നിര്‍മിത മദ്യവും

Glint staff
Fri, 02-02-2018 12:37:35 PM ;
Thiruvananthapuram

 Whisky

മദ്യവില്‍പനയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിവധ സെസുകള്‍ എടുത്ത് കളഞ്ഞ് പകരം തത്തുല്യാമായ നികുതി ചുമത്തുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റില്‍ പഖ്യാപിച്ചു. 400 രൂപ വരെ വിലയുള്ള വിദേശമദ്യത്തിന്റെ നികുതി 200 ശതമാനമായും 200 രൂപയ്ക്ക് മുകളില്‍ വരുന്ന മദ്യത്തിന് 210 ശതമാനമായും പരിഷ്‌കരിച്ചു. ബിയറിന്റെ നികുതി 100 ശതമാനമായും വര്‍ധിപ്പിച്ചു. എന്നാല്‍ നികുതി വര്‍ധിപ്പിക്കുകയും സെസ് എടുത്തുകളയുകയും ചെയ്ത സാഹചര്യത്തില്‍ നിലവിലുള്ളതില്‍ നിന്നും ചെറിയ വര്‍ധനവ് മാത്രമേ മദ്യത്തിന് ഉണ്ടാവൂ.

 

അതേസമയം ബിവറേജസ് ഔട്ട്‌ലെറ്റുകളിലൂടെ ഇനി വിദേശ നിര്‍മിത മദ്യം വില്‍ക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. നിലവില്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം മാത്രമാണ് ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ വഴി വില്‍ക്കുന്നത്. അബ്കാരി നിയമപ്രകാരം സംസ്ഥാനത്ത് ഇന്ത്യന്‍ നിര്‍മ്മിത മദ്യവും വിദേശ നിര്‍മ്മിത മദ്യവും വില്‍ക്കാന്‍ അധികാരമുള്ള സ്ഥാപനം ബിവറേജസ് കോര്‍പ്പറേഷാണ്. എന്നാല്‍ ഇതു വരെ കോര്‍പ്പറേഷന്‍ വിദേശ നിര്‍മിത മദ്യം വിറ്റിട്ടില്ല. എന്നാല്‍ സംസ്ഥാനത്ത അനധികൃതമായി വിദേശമദ്യ വില്‍പന സജീവമാണ്, ഇത് സര്‍ക്കാരിന് നികുതി നഷ്ടം വരുത്തുന്നു അതിനാല്‍ ബിവറേജസ് കോര്‍പ്പറേഷന്‍ വിദേശ നിര്‍മിത മദ്യവില്‍പനയിലേക്ക് കടക്കുകയാണെന്ന് ധനമന്ത്രി പറഞ്ഞു.

 

ഈ സാമ്പത്തിക വര്‍ഷത്തില്‍ മദ്യവില്‍പനയിലൂടെ അറുപത് കോടിയുടെ അധികവരുമാനമാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്

 

 

 

Tags: