ഇംപീച്ച്‌മെന്റ് നടപടികളില്‍ കുറ്റവിമുക്തനായി ട്രംപ്

Glint desk
Sun, 14-02-2021 11:43:11 AM ;

ക്യാപിറ്റോള്‍ കലാപത്തിന് പ്രേരിപ്പിച്ചുവെന്ന കുറ്റത്തിന് ഇംപീച്ച്‌മെന്റ് വിചാരണ നേരിട്ട മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെയുള്ള പ്രമേയത്തിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം കണ്ടെത്താനായില്ല. 57-43 വോട്ടിനാണ് സെനറ്റ് ട്രംപിനെ കുറ്റവിമുക്തനാക്കിയത്. നടപടിക്കാവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതോടെയാണ് സെനറ്റ് ട്രംപിനെ കുറ്റവിമുക്തനാക്കിയത്. ഇതോടെ ട്രംപിന് വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും ഫെഡറല്‍ പദവി വഹിക്കാനും തടസമുണ്ടാകില്ല.

ട്രംപിനെ ശിക്ഷിക്കാന്‍ നൂറംഗ സെനറ്റില്‍ മൂന്നില്‍ രാണ്ട് അംഗങ്ങള്‍  പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യണമായിരുന്നു. എന്നാല്‍ 50 ഡെമോക്രാറ്റുകളും ഏഴ് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരും മാത്രമാണ്  ട്രംപിനെതിരെ വോട്ട് ചെയ്തത്. ട്രംപിന്റെ പ്രസ്താവനകളും ക്യാപ്പിറ്റോള്‍ കലാപത്തിന്റെ ദൃശ്യങ്ങളും നിരത്തി ശക്തമായ വാദം ഡെമോക്രാറ്റുകള്‍ ഉന്നയിച്ചെങ്കിലും, ട്രംപിന് നേരിട്ട് കലാപത്തില്‍ പങ്കില്ലെന്ന  ഭൂരിഭാഗം റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരുടെയും നിലപാട് മാറ്റാനായില്ല.

Tags: