ലോകത്തിലെ പഴക്കമേറിയ ഗുഹാചിത്രം കണ്ടെത്തി; ചിത്രം പിറന്നത് 45,500 വര്‍ഷങ്ങള്‍ക്ക് മുമ്പ്

Glint desk
Thu, 14-01-2021 06:29:39 PM ;

ലോകത്തിലെ ഏറ്റവും പഴക്കംചെന്ന ഗുഹാവര്‍ണ്ണചിത്രം (cave painting) പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. കുറഞ്ഞത് 45,500 വര്‍ഷങ്ങള്‍ക്ക് മുമ്പ് വരച്ച് നിറം കൊടുത്ത കാട്ടുപന്നിയുടെ ചിത്രം ഇന്തോനേഷ്യയിലെ ഗുഹയിലാണ് കണ്ടെത്തിയത്. ചുണ്ണാമ്പുപാറകളാല്‍ ചുറ്റപ്പെട്ടാണ് ലിയാങ് ടെഡോങ്‌ഗെ ഗുഹയില്‍ നിന്നാണ് അതിപുരാതനമായ ഗുഹാചിത്രം കണ്ടെത്തിയത്. വെള്ളപ്പൊക്കപ്രദേശമായതിനാല്‍ മഴക്കാലത്ത് ഇവിടെ എത്തിപ്പെടാന്‍ സാധിക്കില്ല. പ്രദേശത്തെ മനുഷ്യവാസത്തിന്റെ ആദ്യ തെളിവുകള്‍ നല്‍കുന്നതാണ് ഈ ചിത്രമെന്ന് സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.

ചിത്രത്തിലെ 136 * 54 സെന്റീമീറ്റര്‍ (53 * 21 ഇഞ്ച്) വലുപ്പമുള്ള പന്നിക്ക് കടും ചുവപ്പ് ചായമാണ് നല്‍കിയിരിക്കുന്നത്. സുലെവെസി വാര്‍ട്ടി പിഗ് ഇനമാണ് ഇത്. രോമാവൃതമായ മുതുകും കൊമ്പുപോലുള്ള മുഖത്തെ രണ്ട് അരിമ്പാറകളുമാണ് ഈ പന്നിയുടെ സവിശേഷത. കൈപത്തിയുടെ രണ്ട് ചിത്രങ്ങളും പന്നിചിത്രത്തിന്റെ സമീപത്തായി കാണാം. അതേ ചുമരില്‍ തന്നെ മറ്റ് രണ്ട് പന്നി ചിത്രങ്ങളുണ്ടെങ്കിലും അവയുടെ ഭൂരിഭാഗവും മാഞ്ഞുപോയിരുന്നു. പതിനായിരക്കണക്കിന് വര്‍ഷങ്ങളോളം മനുഷ്യര്‍ ഈ പന്നികളെ വേട്ടയാടിയിട്ടുണ്ട്, ഈ പ്രദേശത്തെ ചരിത്രാതീത കലാസൃഷ്ടികളുടെ പ്രധാന സവിശേഷതയാണ് ഈ പന്നികളുടെ സാന്നിധ്യമുള്ള ചിത്രങ്ങള്‍.

സുലവേസിയില്‍ നിന്നു തന്നെയാണ് ഇതിന് മുമ്പ് രേഖപ്പെടുത്തപ്പെട്ട ഏറ്റവും പഴക്കമേറിയ ഗുഹാചിത്രം കണ്ടെത്തുന്നത്. സസ്തനികളെ വേട്ടയാടുന്നത് ചിത്രീകരിച്ച ആ ചിത്രത്തിന് കുറഞ്ഞത് 43,900 വര്‍ഷം പഴക്കമുണ്ടായിരുന്നു.

Tags: