പാക് വിമാനങ്ങള്‍ക്ക് അനുമതി റദ്ദാക്കി യു.എസ്

Glint desk
Fri, 10-07-2020 12:21:18 PM ;

പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്(പി.ഐ.എ) ചാര്‍ട്ടര്‍ സര്‍വീസിനുള്ള അനുമതി യു.എസ് റദ്ദാക്കി. പാകിസ്താന്‍ പൈലറ്റുമാരുടെ ലൈസന്‍സ് സംബന്ധിച്ച് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ആശങ്ക അറിയിച്ചതിനെ തുടര്‍ന്നാണ് അമേരിക്ക പാക് വിമാനങ്ങള്‍ക്കുള്ള അനുമതി റദ്ദാക്കിയതായി അറിയിച്ചത്. യു.എസ് തീരുമാനത്തിന് പിന്നാലെ എയര്‍ലൈനിനുള്ളിലെ തിരുത്തല്‍ നടപടികളിലൂടെ ആശങ്ക പരിഹരിക്കുമെന്ന് പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് അറിയിച്ചതായി പാക് മാധ്യമമായ ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 

വ്യാജ ലൈസന്‍സ് വിവാദത്തില്‍ നേരത്തെ യൂറോപ്യന്‍ യൂണിയനും പാക് വിമാനങ്ങള്‍ക്ക് 6 മാസത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പാകിസ്താനിലെ മൂന്നിലൊന്ന് പൈലറ്റുമാരുടെയും ലൈസന്‍സ് വ്യാജമാണെന്ന് കഴിഞ്ഞ മാസം കണ്ടെത്തിയിരുന്നു. രാജ്യത്തെ ആകെയുള്ള 860 പൈലറ്റുമാരില്‍ 262 പേരുടെ പക്കലുള്ളത് വ്യാജലൈസന്‍സാണെന്നും ഇവര്‍ വിമാനം പറത്താന്‍ യോഗ്യത ഇല്ലാത്തവരാണെന്നും പാക് വ്യോമയാന മന്ത്രി ഗുലാം സര്‍വാര്‍ ഖാനാണ് വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ നിരവധി പൈലറ്റുമാരെ ഒഴിവാക്കുകയും ചെയ്തിരുന്നു.

Tags: