6 ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് 500 മില്യണ്‍ഡോളര്‍ ലോണ്‍; ലക്ഷ്യം വിദ്യാഭ്യാസ ഗുണനിലവാരം ഉയര്‍ത്തല്‍

Glint desk
Mon, 29-06-2020 01:07:46 PM ;

ആറ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിനായ് 500 മില്യണ്‍ ഡോളര്‍(ഏകദേശം 3,700 കോടി രൂപ) ലോണ്‍ അനുവദിക്കാനൊരുങ്ങി ലോകബാങ്ക്. ഹിമാചല്‍പ്രദേശ്, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാന്‍ എന്നിവയാണ് 6 സംസ്ഥാനങ്ങള്‍ എന്നാണ് റിപ്പോര്‍ട്ട്. സ്റ്റാര്‍സ് പ്രോഗാമിന്(Strngthening Teaching-Learning and Results for States Program-STARS) വേണ്ടിയാണ് ഈ ലോണിന് അംഗീകാരം നല്‍കിയിരിക്കുന്നത്. 6നും 17 നും ഇടയില്‍ പ്രായമുള്ള 250 മില്യണ്‍ വിദ്യാര്‍ത്ഥികള്‍ക്കും 10 മില്യണ്‍ അധ്യാപകര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.

വിദ്യാഭ്യാസം ശക്തിപ്പെടുത്തി രാജ്യത്തിലെ എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 1994ലാണ് ലോകബാങ്കും ഇന്ത്യയും പങ്കാളിത്തത്തോടെ സ്റ്റാര്‍സ് പ്രോഗ്രാമിന് തുടക്കം കുറിച്ചത്. ഈ ലക്ഷ്യത്തിനായി സ്റ്റാര്‍സ് പ്രോഗ്രാമിന് തുടക്കം കുറിക്കുന്നതിന് മുമ്പ് തന്നെ ഇതിനായി 3ബില്യണ്‍ ഡോളറാണ് ലോകബാങ്ക് ചിലവാക്കിയത്. 

പഠനം വിലയിരുത്തുന്നതിനായും നിര്‍ദേശങ്ങള്‍ നല്‍കുന്നതിനായും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനായും പദ്ധതികള്‍ മെച്ചപ്പെടുത്താനും ഈ പ്രോഗ്രാം കൊണ്ട് ലക്ഷ്യം വയ്ക്കുന്നു. ഒരു കുട്ടിപോലും വിദ്യാഭ്യാസം ലഭിക്കുന്നതില്‍ നിന്നും വിട്ടു നില്‍ക്കാതെ എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കാനും അധ്യാപനം മെച്ചപ്പെടുത്താനും അതുവഴി ഭാവി തലമുറയിലെ എല്ലാവര്‍ക്കും സുരക്ഷിതമായ ഭാവി വാഗ്ദാനം ചെയ്യുന്നതിനും ഈ പ്രോഗ്രാം കൊണ്ട് സാധിക്കുമെന്നാണ് വിശ്വാസമെന്ന് ലോകബാങ്കിന്റെ പ്രസ്താവനയില്‍ പറയുന്നു. 

2004-2005 കാലഘട്ടത്തില്‍ സ്‌ക്കൂളില്‍ പോകുന്ന കുട്ടികളുടെ എണ്ണം 219 മില്യണ്‍ ആയിരുന്നു. എന്നാല്‍ 2018-2019 ആയപ്പോഴേക്കും സ്‌ക്കൂളില്‍ പോകുന്ന കുട്ടികളുടെ എണ്ണം 248 മില്യണ്‍ ആയി. വിദ്യാഭ്യാസം നേടുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടെങ്കിലും ജോലി വാങ്ങുന്നവരുടെ എണ്ണവും വിദ്യാഭ്യാസത്തിന്റെ ഗുണം ലഭിക്കുന്നവരുടെ എണ്ണവും ഇപ്പോഴും കുറവാണ്.

Tags: