ഏറ്റവും വലിയ നായ ഇറച്ചി മേളയ്ക്ക് ആരംഭം കുറിച്ച് ചൈന; മേളയിലെത്തുന്നത് ആയിരങ്ങള്‍

Glint desk
Wed, 24-06-2020 12:40:02 PM ;

രാജ്യത്തെ ഏറ്റവും വലിയ നായ ഇറച്ചി മേള യുലിന്‍ നഗരത്തില്‍ ഇത്തവണയും മുടങ്ങാതെ തുടക്കം കുറിച്ച് ചൈന. ജൂണ്‍ 21 മുതല്‍ 30 വരെയാണ് മേള നടക്കുന്നത്. നായ ഇറച്ചി വാങ്ങുന്നതിനായി ആയിരങ്ങളാണ് മേളയ്ക്ക് എത്തുക.

കൂട്ടില്‍ കുത്തിനിറച്ച നിലയിലാണ് നായ്ക്കളെ വില്‍പ്പനയ്‌ക്കെത്തിക്കുന്നത്. പ്രാകൃതമായ രീതിയില്‍ നായ്ക്കളെ കൈകാര്യം ചെയ്യുന്നതിനും പ്രസിദ്ധമാണ് മേള. മൃഗങ്ങളെയും ഇറച്ചിയും കൈകാര്യം ചെയ്യുന്നത് പലപ്പോഴും വൃത്തിഹീനമായ സാഹചര്യത്തിലാണ്. കൊവിഡ് കാലത്തെ ഇറച്ചി വില്‍പ്പനയിലെ നിയന്ത്രണങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് ഇപ്പോള്‍ മേള നടത്തിയിരിക്കുന്നതും. നായ്ക്കളെ ജീവനോടെ തീയിലിട്ട് ചുടുന്നതും ഇവിടുത്തെ രീതിയാണ്. 

നായ് ഇറച്ചികൊണ്ടുള്ള വിഭവങ്ങളുമായി ലൈവ് സ്റ്റാളുകളും ഹോട്ടലുകളുമുണ്ടാകും. ഇത്തവണ മേളയ്ക്ക് ആളുകള്‍ കുറവാണെന്നാണ് പൊതുവെയുള്ള അഭിപ്രായം. സര്‍ക്കാര്‍ നിയമ നടപടികള്‍ ശക്തമാക്കുകയാണെങ്കില്‍ ഇത്തവണത്തെ യുലിന്‍ മേള അവസാനത്തേതായിരിക്കും എന്നും അറിയുന്നു. 

മൃഗങ്ങള്‍ക്കുവേണ്ടി മാത്രമല്ല ലോകത്തിന്റെയും ചൈനയുടെയും ആരോഗ്യം മാനിച്ചെങ്കിലും ഇത്തരം പ്രവൃത്തികളില്‍ നിന്ന് രാജ്യം വിട്ട് നില്‍ക്കുമെന്നാണ് കരുതുന്നതെന്ന് ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ പ്രവര്‍ത്തകന്‍ പീറ്റര്‍ ലി പറയുന്നു. നായ ഇറച്ചി വില്‍ക്കാനും ഭക്ഷണമാക്കി കഴിക്കാനും സ്ഥലം നല്‍കി കൊവിഡ് കാലത്ത് ആയിരങ്ങള്‍ക്ക് ഒത്തുചേരാന്‍ അവസരമൊരുക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറയുന്നു. 

വുഹാനിലെ മാംസച്ചന്തയില്‍ നിന്നാണ് കൊറോണവൈറസ് പൊട്ടിപ്പുറപ്പെട്ടതെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ വന്യ ജീവികളുടെ ഇറച്ചി വില്‍ക്കുന്നതിന് ചൈന നിയന്ത്രണവും കൊണ്ടുവന്നിരുന്നു. ഇറച്ചിക്ക് വേണ്ടി ഉപയോഗിക്കുന്ന മൃഗങ്ങളുടെ പട്ടികയില്‍ നിന്ന് നായകളെ ഒഴിവാക്കാന്‍ തീരുമാനമെടുത്തിരുന്നു. നിലവില്‍ വളര്‍ത്തുമൃഗമായി മാത്രമാണ് നായ്ക്കളെ ഉപയോഗിക്കാവൂ എന്നാണ് നിര്‍ദേശം. ഇതെല്ലാം കാറ്റില്‍ പറത്തിയാണ് മേള ആരംഭിച്ചിരിക്കുന്നത്.

ഒരു കോടിയോളം നായ്ക്കളെയും 40 ലക്ഷത്തോളം പൂച്ചകളെയുമാണ് ചൈന ഇറച്ചിക്കായി ഓരോ വര്‍ഷവും കൊന്നൊടുക്കുന്നത് എന്നാണ് കണക്കുകള്‍. ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷണലിന്റെ നേതൃത്വത്തില്‍ യുലിന്‍ മേള തടയാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. 

Tags: