ഡബ്യൂ.എച്ച്.ഒയുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിക്കുന്നുവെന്ന് ട്രംപ്

Glint desk
Sat, 30-05-2020 11:22:44 AM ;

ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നു എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സംഘടനയ്ക്ക് നല്‍കുന്ന ധനസഹായം അവസാനിപ്പിക്കുമെന്നും തുക മറ്റ് ആഗോള ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതിനായി വിനിയോഗിക്കുമെന്നും ട്രംപ് പറഞ്ഞു. അമേരിക്ക പ്രതിവര്‍ഷം 45 കോടി ഡോളറാണ് ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കുന്നത്. ചൈന നാല് കോടി ഡോളറും. ഇത്രയും കുറഞ്ഞ തുക കൊടുത്തിട്ടും അവര്‍ ലോകാരോഗ്യ സംഘടനയെ നിയന്ത്രിക്കുന്നുവെന്ന് ട്രംപ് ആരോപിച്ചു. 

30 ദിവസത്തിനകം പ്രവര്‍ത്തന രീതി മെച്ചപ്പെടുത്തിയില്ല എങ്കില്‍ സംഘടനയില്‍ തുടരുന്ന കാര്യം അമേരിക്ക പുനഃരാലോചിക്കുമെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഇതിനിടെയാണ് അമേരിക്ക ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം പൂര്‍ണമായും റദ്ദാക്കിയത്. 

കൊറോണവ്യാപനം തടയുന്നതില്‍ വീഴ്ച വരുത്തി ചൈനയുടെ കളിപ്പാവയായി മാറി എന്നാരോപിച്ച് ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കുന്ന ധനസഹായം അമേരിക്ക മരവിപ്പിച്ചിരുന്നു. 

24 മണിക്കൂറിനുള്ളില്‍ അമേരിക്കയില്‍ 24,802 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,209 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 

Tags: