കൊറോണ ചികില്‍സയില്‍ നിര്‍ണായക പരീക്ഷണത്തിന് അനുമതി; അതിജീവിച്ചവരുടെ രക്തം രോഗിക്ക്

Glint desk
Wed, 25-03-2020 10:49:06 AM ;

കൊറോണവൈറസ് ചികില്‍സയില്‍ നിര്‍ണ്ണായക ചികില്‍സയ്ക്ക് അനുമതി നല്‍കും. കൊറോണ ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന രോഗികള്‍ക്ക് രോഗത്തെ അതിജീവിച്ചവരില്‍ നിന്ന് രക്തം നല്‍കാന്‍ യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കും. ഇതു പ്രകാരം രോഗം അതിജീവിച്ചവരില്‍ നിന്ന് പ്ലാസ്മ നല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് അനുവാദം നല്‍കി. രോഗമുക്തി നേടിയവരുടെ രക്തത്തില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ആന്റിബോഡി അടങ്ങിയ പ്ലാസ്മ ഉപയോഗിച്ച് കൊറോണവൈറസ് രോഗികള്‍ക്ക് ചികില്‍സ ആരംഭിക്കാന്‍ ആരോഗ്യ വകുപ്പ് പദ്ധതിയിട്ടിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് എഫ്.ഡി.എയുടെ തീരുമാനം. കോണ്‍വലെസെന്റ് പ്ലാസ്മ എന്നാണ് ഈ ചികില്‍സയുടെ പേര്. 

ആധുനിക വാക്‌സിനുകള്‍ക്കും ആന്റിവൈറല്‍ മരുന്നുകള്‍ക്കും മുമ്പ്, 1918ല്‍ ഒരു പകര്‍ച്ചവ്യാധി പനിക്ക് ഈ രീതി ഉപയോഗിച്ചിരുന്നു. ഇതിന് ഗുണമുണ്ടെന്നും ഇത് പുതിയ ആശയമല്ലെന്നും നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള രീതിയാണെന്നും വാഷിങ്ടണ്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ.ജെഫ്രി ഹെന്‍ഡേഴ്‌സണ്‍ പറഞ്ഞു. 

2002ല്‍ സാര്‍സ് രോഗം പൊട്ടിപുറപ്പെട്ട സന്ദര്‍ഭത്തില്‍ ചൈന രോഗമുക്തി നേടിയ ആളുകളുടെ രക്തത്തില്‍ നിന്ന് ആന്റിബോഡികള്‍ വികസിപ്പിച്ച് ഉപയോഗിക്കുന്ന രീതി പ്രയോഗിച്ചിരുന്നതായും അത് ഫലം കണ്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 

 

Tags: