രോഗം വരാതിരിക്കാന്‍ നടത്തിയ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും കൊറോണ; പാസ്റ്റര്‍ക്കെതിരെ കേസ്

Glint desk
Mon, 02-03-2020 05:51:02 PM ;

രോഗം വരാതിരിക്കാന്‍ വേണ്ടി സംഘടിപ്പിച്ച സുവിശേഷ യോഗത്തില്‍ പങ്കെടുത്ത് 9000 പേര്‍ക്കും കൊറോണബാധ ലക്ഷണങ്ങള്‍. സുവിശേഷ യോഗം സംഘടിപ്പിച്ച കൊറിയന്‍ മതനേതാവും പാസ്റ്ററുമായ ലീ മാന്‍ ഹീ(88)യ്ക്ക് എതിരെ കേസെടുത്തു. ദക്ഷിണകൊറിയയില്‍ ആണ് സംഭവം. വൈറസ്ബാധ പടര്‍ത്തിയെന്ന പരാതിയെ തുടര്‍ന്നാണ് കേസ്. 

നരഹത്യയ്ക്കാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്. ഷിന്‍ചെയോഞ്ചി ചര്‍ച്ച് ഓഫ് ജീസസിന്റെ അദ്ധ്യക്ഷനാണ് ലീ മാന്‍ ഹീ. സോള്‍ നഗരസഭയാണ് പാസ്റ്റര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചത്. തന്റെ യോഗത്തില്‍ പങ്കെടുത്താല്‍ രോഗബാധ ഭയക്കേണ്ടതില്ലെന്ന് ലീ പറഞ്ഞിരുന്നു. താന്‍ മിശിഹാ ആണെന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്. ലീ മാന്‍ ഹീയെയും പരിശോധനയ്ക്ക് വിധേയനാക്കിയിട്ടുണ്ട്. 

കഴിഞ്ഞ മാസം ലീ ദെയ്ഗുവില്‍ വച്ചാണ് രോഗം പടരാന്‍ കാരണമായ മതസമ്മേളനം നടത്തിയത്. ഇതു ചട്ടങ്ങള്‍ ലംഘിച്ച് നടത്തിയതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ലീയ്ക്ക് എതിരെ കേസെടുത്തത്. 

ദക്ഷിണ കൊറിയയില്‍ ഇതുവരെ 21 പേരാണ് കൊവിഡ് 19 ബാധിച്ച് മരിച്ചത്. 3730 പേര്‍ ചികില്‍സയിലിരിക്കുന്നുണ്ട്.  

Tags: