വിമാനം തകര്‍ക്കല്‍: 30 സൈനികര്‍ അറസ്റ്റിലെന്ന് ഇറാന്‍

Glint Desk
Tue, 14-01-2020 05:54:26 PM ;

 
HASSAN RUHANI

യുക്രൈന്‍ വിമാനം അബദ്ധത്തില്‍ മിസ്സൈലേറ്റ് തകര്‍ന്ന സംഭവത്തില്‍ ഉത്തരവാദികളായ സൈനികരെ അറസ്റ്റ് ചെയ്തതായി ഇറാന്‍ കോടതിയുടെ അറിയിപ്പ്. സംഭവത്തില്‍ പങ്കാളികളായ 30ഓളം സൈനികരെ അറസ്റ്റ് ചെയ്തു എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. തകര്‍ന്ന് വീണ യുക്രൈന്‍ വിമാനത്തില്‍ 176 യാത്രികരാണ് ഉണ്ടായിരുന്നത്. അന്താരാഷ്ട്ര തലത്തില്‍ നിന്നുള്‍പ്പെടെ കൃത്യമായ അന്വേഷണം വേണമെന്ന സമ്മര്‍ദ്ദം വന്നതോടെയാണ് ഇറാന്‍ നടപടികള്‍ വേഗത്തിലാക്കിയത്.

തകര്‍ന്ന് വീണ വിമാനത്തില്‍ ഭൂരിപക്ഷവും ഇറാന്‍ സ്വദേശികള്‍ തന്നെയായിരുന്നു. 176 യാത്രക്കാരില്‍ 82 ഇറാന്‍ സ്വദേശികളും 57 കാനഡക്കാരും 11 യുക്രൈന്‍ സ്വദേശികളുമാണ് ഉണ്ടായിരുന്നത്. 

വിമാനം തകര്‍ത്ത സംഭവം അന്വേഷിക്കാന്‍ പ്രത്യേക കോടതി രൂപവല്‍ക്കരിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെ ആയിരുന്നു സൈനികരെ അറസ്റ്റ് ചെയ്‌തെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നത്. 

വിമാനം വെടിവെച്ചിട്ടതാണെന്ന കുറ്റസമ്മതത്തിന് പിന്നാലെ ഇറാനില്‍ വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു. പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയടക്കമുള്ള നേതാക്കള്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളുള്‍പ്പെടെ  രംഗത്തെത്തിയിരുന്നു.  

Tags: