കല്‍ക്കരി വിതരണത്തിന് റെയില്‍വെയുടെ സഹായംതേടി; പ്രതിസന്ധി നീങ്ങിയെന്ന് കേന്ദ്രം

Glint Desk
Wed, 13-10-2021 11:05:34 AM ;

രാജ്യത്തെ ഊര്‍ജ്ജ പ്രതിസന്ധി തീരുന്നതായി കേന്ദ്രം. കല്‍ക്കരി നീക്കത്തിന് കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വൈദ്യുതി നിലയങ്ങളില്‍ ആവശ്യത്തിന് കല്‍ക്കരി എത്തിക്കാന്‍ റെയില്‍വെയോട് കൂടുതല്‍ വാഗണുകള്‍ ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് പ്രതിദിനം രണ്ടു ലക്ഷം ടണ്‍ കല്‍ക്കരി നല്‍കുമെന്നാണ് പ്രഖ്യാപനം. കോള്‍ ഇന്ത്യക്ക് സംസ്ഥാനങ്ങള്‍ നല്‍കേണ്ട കുടിശ്ശിക ഉടന്‍ നല്‍കണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പ്രതിദിന കല്‍ക്കരി ഖനനം അടുത്ത അഞ്ച് ദിവസം കൊണ്ട് 1.94 മില്യണ്‍ ടണ്ണില്‍ നിന്ന് 2 മില്യണ്‍ ടണ്ണായി ഉയര്‍ത്തുമെന്ന് സര്‍ക്കാര്‍ ശ്രോതസ്സുകളെ ഉദ്ധരിച്ച് എ.എന്‍.ഐ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ഇനി രണ്ടോ മൂന്നോ ദിവസത്തെ കല്‍ക്കരി മാത്രമേ ഉള്ളൂ എന്ന് ചില സംസ്ഥാനങ്ങള്‍ പറയുമ്പോഴും പ്രതിസന്ധിയില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം വരെ കേന്ദ്രത്തിന്റെ വിശദീകരണം. ഇന്നലെ പ്രധാനമന്ത്രിയുടെ ഓഫീസും വിഷയത്തില്‍ ഇടപെട്ടു. കല്‍ക്കരി മന്ത്രി പ്രഹ്ലാദ് ജോഷിയും ഊര്‍ജ്ജ മന്ത്രി ആര്‍കെ സിംഗും പ്രധാനമന്ത്രിയെ കണ്ടു. യോഗത്തില്‍ കല്‍ക്കരി ഊര്‍ജ്ജ സെക്രട്ടറിമാര്‍ കല്‍ക്കരി എത്രത്തോളം ലഭ്യമാണെന്ന വിശദാംശം അറിയിച്ചു. കല്‍ക്കരി ആവശ്യത്തിന് സംഭരിക്കണം എന്ന കേന്ദ്ര നിര്‍ദ്ദേശം പല സംസ്ഥാനങ്ങളും തള്ളുകയാണെന്ന് പ്രഹ്ലാദ് ജോഷി ആരോപിച്ചു. 

Tags: