പിടി വിടാതെ കൊവിഡ്; വേണം അതീവ ജാഗ്രത

Glint desk
Fri, 09-04-2021 10:50:07 AM ;

രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. തുടര്‍ച്ചയായി നാലാം ദിവസവും രാജ്യത്ത് ഒരു ലക്ഷത്തിലേറെ പ്രതിദിന കണക്കുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കൊവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. മൈക്രോ കണ്ടെയിന്‍മെന്റ് സോണുകള്‍, ടെസ്റ്റുകളുടെ എണ്ണം കൂട്ടല്‍ എന്നിവയ്ക്ക് പുറമേ വാക്സിന്‍ വിതരണം വര്‍ധിപ്പിക്കാനും നിര്‍ദേശമുണ്ട്. ഏപ്രില്‍ 11 മുതല്‍ 14 വരെ യോഗ്യരായ പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് നിര്‍ദേശം.

രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊവിഡിനൊഴികെയുള്ള മറ്റ് ചികിത്സകള്‍ നിര്‍ത്തിവച്ചതായി ദില്ലി രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി അറിയിച്ചു. എയിംസിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പത്തിന് ശേഷം അടിയന്തര ശസ്ത്രക്രിയകള്‍ മാത്രമായിരിക്കും നടക്കുക.

കൊവിഡ് കേസുകളില്‍ വര്‍ധനവ് രേഖപ്പെടുത്തിയതോടെ കൂടുതല്‍ സംസ്ഥാനങ്ങള്‍ കര്‍ശന നിയന്ത്രണങ്ങളിലേക്ക് നീങ്ങി. ഡല്‍ഹിക്കും പഞ്ചാബിനും ഗുജറാത്തിനും തമിഴ്നാടിനും പിന്നാലെ കര്‍ണാടകയും രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ബംഗളൂരു ഉള്‍പ്പെടെയുള്ള അഞ്ച് നഗരങ്ങളില്‍ കര്‍ഫ്യൂ നിയന്ത്രണങ്ങള്‍ ശനിയാഴ്ച ആരംഭിക്കും. ഏപ്രില്‍ 20 വരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ 10.4 ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,968 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെയുള്ള ഏറ്റവും കൂടിയ പ്രതിദിന കണക്കാണ് ഇത്. 24 മണിക്കൂറിനിടെ 780 മരണങ്ങളാണ് സ്ഥിരീകരിച്ചത്. 61,899 പേര്‍ രോഗമുക്തി നേടി.

Tags: