ജാഗ്രത; രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നു

Glint desk
Thu, 08-04-2021 10:34:29 AM ;

രാജ്യത്ത് ആശങ്ക ഉയര്‍ത്തി കൊവിഡ് കേസുകള്‍ കുത്തനെ വര്‍ധിക്കുന്നു. രാജ്യത്ത് കുറച്ച് ദിവസങ്ങളായി ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കുകളാണ് രേഖപ്പെടുത്തുന്നത്. കൊവിഡ് പ്രതിരോധത്തില്‍ ഇനിയും ശക്തമായ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. യുഎസ്, ബ്രസീല്‍ എന്നിവയാണ് ഏറ്റവും കൂടുതല്‍ കേസുകളുള്ള ആദ്യ രണ്ട് രാജ്യങ്ങള്‍. ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യത്ത് നിന്നുള്ളവര്‍ക്ക് ന്യൂസിലന്‍ഡ് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. 

പുതിയ രോഗികളില്‍ 81 ശതമാനവും മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, കര്‍ണാടക, യു.പി., ഡല്‍ഹി, മധ്യപ്രദേശ്, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലാണ്. ഗുജറാത്ത്, ഹരിയാന, രാജസ്ഥാന്‍ എന്നിവിടങ്ങളിലും രോഗവ്യാപനം കൂടുകയാണ്. കൊവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹി, പഞ്ചാബ്, ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങള്‍ കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,789 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കൂടിയ പ്രതിദിന കണക്കാണ് ഇത്. 24 മണിക്കൂറിനിടെ 59,258 പേര്‍ രോഗമുക്തി നേടി. 685 പേര്‍ രോഗബാധയെ തുടര്‍ന്ന് മരിച്ചു. 9,10,319 പേരാണ് ചികിത്സയിലുള്ളത്.

Tags: