രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; അടുത്ത നാലാഴ്ച നിര്‍ണ്ണായകം

Glint desk
Wed, 07-04-2021 10:40:21 AM ;

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. കൊവിഡ് രണ്ടാം തരംഗം ഏറെ ഗുരുതരമെന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വരുന്ന നാലാഴ്ച നിര്‍ണ്ണായകമാണെന്നും ആര്‍.ടി.പി.സി.ആര്‍ പരിശോധന കര്‍ശനമാക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ കൊവിഡ് പ്രതിദിന കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് വ്യാപനവും മരണനിരക്കും ഉയര്‍ന്നതോടെ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു തുടങ്ങിയിട്ടുണ്ട്. 

ചത്തീസ്ഗഢ്, ഡല്‍ഹി, കര്‍ണാടക,മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ കൊവിഡ് കേസുകളുള്ളത്. മഹാരാഷ്ട്രയില്‍ മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടെ 55,000 പേര്‍ക്കും ഡല്‍ഹിയില്‍  5100 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ രാത്രി സമയത്തും ശനി, ഞായര്‍ ദിവസങ്ങളിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതിനു പിന്നാലെ ഡല്‍ഹിയിലും ചൊവ്വാഴ്ച മുതല്‍ ഏപ്രില്‍ 30 വരെ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനം തടയാന്‍ സംസ്ഥാനത്ത് മൂന്നോ നാലോ ദിവസം ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ഗുജറാത്ത് ഹൈക്കോടതിയുടെ നിര്‍ദേശിച്ചിട്ടുണ്ട്. കൊവിഡ് വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. കൂടുതല്‍ സംസ്ഥാനങ്ങള്‍ കര്‍ശന നിയന്ത്രണത്തിലേക്ക് നീങ്ങുമെന്നാണ് സൂചനകള്‍.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,736 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. 24 മണിക്കൂറിനിടെ 630 പേര്‍ രോഗബാധയെ തുടര്‍ന്ന് മരിച്ചിട്ടുണ്ട്. 59,856 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Tags: